ന്യൂഡല്‍ഹി● നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി നടപ്പിലാക്കുന്നത് കമ്മ്യൂണിസ്റ്റ് ആചാര്യനായ കാറല്‍ മാര്‍ക്സിന്റെ ആശയമാണെന്ന് പ്രമുഖ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി.
കാറല്‍ മാര്‍ക്സിന്റെ ആശങ്ങളാണ് മോദി പിന്തുടരുന്നത്. ഇന്ത്യയിലെമ്പാടുമുള്ള ഇടതുപക്ഷ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഇതിന് അഭിനന്ദിക്കണമെന്നും ഉമാഭാരതി പറഞ്ഞു. ദേശീയ മാധ്യമമായ ഇക്കോണമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
“ഇത് യഥാര്‍ത്ഥത്തില്‍ മാര്‍ക്സിസ്റ്റ് അജണ്ടയാണ്, പിന്നീട് ലോഹിയയും തുടര്‍ന്ന് കാന്‍ഷിറാമും പറഞ്ഞത്. സത്യത്തില്‍, മാര്‍ക്സ് ഇപ്പോഴും പറഞ്ഞത് പ്രധാനമന്ത്രി നടപ്പിലാക്കുകയാണ് ചെയ്യുന്നത്- ഉമാ ഭാരതി പറഞ്ഞു.
നോക്കൂ, മാര്‍ക്സ് എപ്പോഴും തുല്യതയെക്കുറിച്ചാണ് പറഞ്ഞിരുന്നത്. അസമാനത പാടില്ല. ഒരാള്‍ 12 മുറികളില്‍ ഉള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നതും, മറ്റൊരിടത്ത് ഒരു മുറിയില്‍ 12 പേര്‍ താമസിക്കുന്നു. ഇതുപോലെയുള്ള അസമാനത അംഗീകരിക്കാന്‍ കഴിയില്ല.
മാര്‍ക്സ് വിഭാവനം ചെയ്ത സമത്വ സങ്കല്‍പത്തിനായാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് ലഘൂകരിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രി എപ്പോഴും പറയുന്നത്. പക്ഷേ, ആ 12 മുറികളില്‍ നിന്ന് ആളുകളെ വലിച്ചിറക്കി ആ സ്ഥലം ബലമായി പിടിച്ചെടുക്കാന്‍ കഴിയില്ല. ജന ധന്‍ യോജന, മുദ്ര യോജന തുടങ്ങിയവായിലൂടെയും കള്ളപ്പണം വെളിച്ചത്ത് കൊണ്ടുവരുന്നത് വഴിയും അത് സാധ്യമാക്കാമെന്നും ഉമാഭാരതി പറഞ്ഞു.
ഇതിന് ലോകത്തെമ്പാടുമുള്ള ഇടത് ഗ്രൂപ്പുകള്‍ മോദിയെ അഭിനന്ദിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments