മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യതന്ത്രത്തില്‍ മാത്രമല്ല സംഗീതത്തിലും അഗ്രഗണ്യനാണ്. പാട്ടിനേയും നോട്ടിനേയും ബന്ധിപ്പിച്ചാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്. ‘ഞാന്‍ പാടിയാല്‍, ടിക്കറ്റിന്റെ പണം നിങ്ങള്‍ തിരികെ ചോദിക്കും, അത് നൂറു രൂപ നോട്ടായി നല്‍കേണ്ടിയും വരും,” സംഗീതം ആസ്വദിക്കാനെത്തിയ ആയിരങ്ങളെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മുംബൈയില്‍ ആഗോള സംഗീതസംഗമമായ ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് പ്രധാനമന്ത്രി സംഗീതത്തെയും നോട്ട് പരിഷ്കാരത്തെയും ബന്ധിപ്പിച്ചത്. ചടങ്ങിനെത്തേണ്ടിയിരുന്ന മോദി നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നുള്ള പ്രശ്നങ്ങള്കാരണം ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാക്കുകയായിരുന്നു.
‘എപ്പോഴും യുവാക്കള്ക്കൊപ്പമിരിക്കാനാണ് എനിക്കിഷ്ടം. അതെനിക്ക് ആവേശവും പുത്തനുണര്‍വും നല്കുന്നു. ഈ സംഗീതപരിപാടിയില്‍ പ്രസംഗിച്ചാല്മതി പാടേണ്ടതില്ല എന്ന് എന്നോടുപറയാനുള്ള സാമര്‍ഥ്യം നിങ്ങള്‍ക്കുണ്ട്. ഞാന്‍ പാടിയാല്‍ ടിക്കറ്റിന്റെ പണം തിരികെത്തരേണ്ടിവരുമെന്ന് നിങ്ങള്‍ക്കറിയാം. അതും നൂറു രൂപ നോട്ടില്‍’ചെറുപ്രസംഗത്തില്‍ മോദി പറഞ്ഞു.
സംഗീതാസ്വാദകര്‍ക്കും കോള്‍ഡ് പ്ലേയെപ്പോലുള്ള സംഗീതസംഘത്തിനും ഇടയില്‍ നില്ക്കേണ്ടിവരുന്നതുകൊണ്ട് പ്രസംഗം ദീര്ഘിപ്പിക്കില്ലെന്നുപറഞ്ഞാണ് മോദി തുടങ്ങിയത്. ഇത്തവണത്തെ സാഹിത്യ നൊബേല്‍ നേടിയ ബോബ് ഡിലന്റെ ‘ദ ടൈംസ് ആര് എ ചേഞ്ചിങ്’ എന്ന ഗാനത്തിലെ വരികള്‍ ചൊല്ലിയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. നിങ്ങളുടെ മക്കള്‍ നിങ്ങളുടെ ആജ്ഞകള്‍ക്ക് അതീതരാണെന്ന വരിയുള്‍പ്പെടുന്ന ഭാഗമാണ് അദ്ദേഹം ഉദ്ധരിച്ചത്.
ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ എം.എം.ആര്. ഗ്രൗണ്ടിലാണ് ഇത്തവണ ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. നാലുവര്‍ഷം മുമ്പാണ് ആഗോള സംഗീതസംഗമമായ ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവല്‍ തുടങ്ങിയത്. പ്രശസ്ത ബ്രിട്ടീഷ് സംഗീത സംഘമായ കോള്‍ഡ് പ്ലേയാണ് അതിലെ മുഖ്യ ആകര്‍ഷണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 80,000ഓളം ആരാധകരാണ് ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.
Post Your Comments