കോഴിക്കോട് : കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ തന്ത്രവുമായി മാഫിയ. കുഴല്‍പ്പണത്തിന് പേരു കേട്ട കൊടുവള്ളിയിലാണ് കള്ളപ്പണം വെളുപ്പിക്കാന്‍ മാഫിയ പുതിയ തന്ത്രങ്ങള്‍ തേടുന്നത്. വലിയ തുക ഒറ്റയടിക്ക് മാറ്റി വാങ്ങാന്‍ സാധിക്കാത്തതിനാല്‍ അന്യസംസ്ഥാനക്കാരെ ഉപയോഗിച്ചാണ് കള്ളപ്പണം ഇവിടെ വെളുപ്പിക്കുന്നത്. ജോലിയില്ലാതെ ഇരിക്കുന്ന അന്യസംസ്ഥാനക്കാരെ ഇവര്‍ രാവിലെ തന്നെ ക്യാമ്പിലെത്തി കൂടെ കൂട്ടുന്നു. തുടര്‍ന്ന് മാഫിയക്കാര്‍ പറയുന്നതനുസരിച്ച് ഇവര്‍ ബാങ്കില്‍ വരി നില്‍ക്കും. നാലായിരം രൂപ മാറ്റി വന്നാല്‍ 200 രൂപ വരെ ഇവര്‍ക്ക് നല്‍കും.
ജോലിയില്ലാത്തതിനാല്‍ ഇങ്ങനെ കിട്ടുന്ന പണം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസമായതിനാല്‍ ഇവര്‍ യാതൊരു മടിയും കൂടാതെ രാവിലെ തന്നെ ബാങ്കില്‍ വരി നില്‍ക്കാന്‍ എത്തും. എന്നാല്‍ വിരലില്‍ മഷി പുരട്ടാന്‍ തുടങ്ങിയതോടെ കുഴല്‍പ്പണക്കാര്‍ വെട്ടിലായി. ഇതോടെ അന്യസംസ്ഥാനക്കാരെ നാട്ടിലേക്ക് അയച്ച് അവരുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനുള്ള നടപടിയും തുടങ്ങിയതായാണ് വിവരം. കുഴല്‍ ഇടപാട് ഏജന്റുമാര്‍ മുഖേനയാണ് അന്യസംസ്ഥാനക്കാരെ നാട്ടിലേക്ക് അയക്കുന്നത്. ഇതിനാല്‍ ഇവര്‍ പണവുമായി മുങ്ങുമെന്ന ഭയവും കുഴല്‍പ്പണ ഇടപാടുകാര്‍ക്കില്ല. അവര്‍ അറിയാതെ തന്നെ കുഴല്‍പ്പണ കാരിയര്‍മാരാക്കുകയാണ് കള്ളപ്പണ മാഫിയ.
പല വാഹനങ്ങളിലും മാറി മാറി എത്തുന്ന കാരിയര്‍മാരെ കണ്ടെത്തുക പോലീസിന് വലിയ പ്രയാസവുമാണ്. കോടികള്‍ മറിയുന്ന ഇടപാടായ സ്വര്‍ണക്കച്ചവടത്തിന്റെ പിന്‍ബലത്തില്‍ പ്രദേശത്തെ വലിയൊരു ജനവിഭാഗം കുഴല്‍പ്പണ ഇടപാടില്‍ സജീവമാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം കൊടുവള്ളിയില്‍ നിന്നും 45 ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തത്. കേസില്‍ ജ്വല്ലറി ഉടമയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓരോ ദിവസവും കണക്കില്‍പ്പെടാത്ത ലക്ഷങ്ങളാണ് ഇവിടേക്ക് എത്താറുള്ളത്.
Post Your Comments