തൃശൂര്‍● റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 2000 രൂപ നോട്ടിന്റെ കളര്‍പ്രിന്റ് നല്കി സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ച പതിമൂന്നുകാരി തൃശൂരില്‍ പിടിയിലായി.
വെളിയങ്കോട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഇന്നലെ ഉച്ചയോടെ മന്ദലാംകുന്നിലെ ഒരു കടയില്‍ വ്യാജനോട്ട് നല്കി സാധനം വാങ്ങാന്‍ ശ്രമിച്ചത്. 2000 രൂപ നോട്ടുനല്കി 500 രൂപയുടെ സാധനങ്ങള്‍ വാങ്ങിയ പെണ്‍കുട്ടി 1500 രൂപ ബാക്കിയും വവാങ്ങി. തുടര്‍ന്ന് അടുത്ത കടയില്‍ നിന്ന് 400 രൂപയുടെ രണ്ട് നൈറ്റിയും വാങ്ങി. അവിടെയും 2000 രൂപ നോട്ടാണ് പെണ്‍കുട്ടി നല്‍കിയത്. ചില്ലറയില്ലാത്തതിനാല്‍ കടയിലെ ജീവനക്കാരി അടുത്തുള്ള ബേക്കറിയില്‍ നോട്ട് മാറാന്‍ ചെന്നപ്പോഴാണ് കള്ളി വെളിച്ചത്താകുന്നത്. നോട്ട് കണ്ട് സംശയം തോന്നിയ ബേക്കറിയുടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ വടക്കേക്കാട് പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പരിചയക്കാരനായ കമ്പ്യൂട്ടര്‍ സ്ഥാപന ഉടമയാണ് തനിക്ക് നോട്ടു പ്രിന്റ് എടുത്ത് നല്‍കിയതെന്നാണ് ചോദ്യം ചെയ്യലില്‍ ആദ്യം പെണ്‍കുട്ടി പറഞ്ഞത്. എന്നാല്‍ ഇയാളെ ചോദ്യംചെയ്തപ്പോള്‍ നിരപരാധിയാണെന്നു വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ വീട്ടിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നോട്ട് സ്കാന്‍ചെയ്ത് പ്രിന്റ് എടുത്തതാണെന്ന് പെണ്‍കുട്ടി സമ്മതിച്ചു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Post Your Comments