കൊല്ലം: ഇനി മുതൽ പോലീസിന്റെ കേസന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഓണ്‍ലൈനില്‍ ലഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇ ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് (സി.സി.ടി.എന്‍.എസ്.) മുഖാന്തരം ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഡി.ജി.പി.നിര്‍ദ്ദേശം നല്കി. ഇനി മുതൽ സ്റ്റേഷനിലെ എല്ലാ നടപടിക്രമങ്ങളും കുറിക്കുന്ന ജനറല്‍ ഡയറി, കേസുകളുടെ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്.) തുടങ്ങിയവയെല്ലാം ഇനി ഓൺലൈനിൽ കൂടി മാത്രമേ ചെയ്യാൻ സാധിക്കു. എഫ്.ഐ.ആറിന്റെ പ്രിന്റ് ഔട്ട് എടുത്താണ് കോടതിയില്‍ ഹാജരാക്കേണ്ടത്. കൂടാതെ എല്ലാ പോലീസുകാരും ഇത് തയ്യാറാക്കാന്‍ പഠിക്കുകയും വേണം.
പോലീസിലെ ഓഫീസര്‍മാരടക്കം എല്ലാവരും സി.സി.ടി.എന്‍.എസ്. സംവിധാനം ഉപയോഗിക്കാന്‍ പരിശീലനം നേടേണ്ടതുണ്ട്. പത്തുപേരെങ്കിലും മൂന്നുമാസത്തിനകം പരിശീലനം പൂര്‍ത്തിയാക്കണം. വരും മാസങ്ങളിൽ ബാക്കിയുള്ളവർ പരിശീലനം പൂർത്തിയാക്കണം. ജില്ലാ പോലീസ് മേധാവിമുതല്‍ സ്റ്റേഷന് ചുമതലയുള്ള എസ്.ഐ.മാര്‍വരെ പരിശീലനം നേടാനുള്ള കാലാവധി രണ്ടുമാസമാണ്. ഇതേപ്പറ്റി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം.
സിസ്റ്റത്തിന്റെ തകരാര്‍മൂലം ഓണ്‍ലൈനില്‍ ചേര്‍ക്കാന്‍ കഴിയാതെവന്നാല്‍ ഡിവൈ.എസ് പി. (ഡി.സി.ആര്.ബി.) യുടെ രേഖാമൂലമുള്ള അനുമതിയോടെ എഫ്.ഐ.ആര്. കടലാസില്‍ തയ്യാറാക്കാം. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പരാതി സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസിന്റെ തുടര്‍നടപടികള്‍, അറസ്റ്റ്, വസ്തുവകകള്‍ കണ്ടുകെട്ടുന്നത്, കുറ്റപത്രം, കോടതിവിധി, അപ്പീല്‍ വിധി തുടങ്ങിയ എല്ലാ വിവരങ്ങളും ഇതിന്റെ തുടര്‍ച്ചയായി ഉള്‍പ്പെടുത്തണം.
Post Your Comments