തിരുവനന്തപുരം● 500,1000 നോട്ടുകള്‍ അസാധുവാക്കലിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 2000 രൂപ നോട്ടുകള്‍ ഓണ്‍ലൈന്‍ വ്യപാര വെബ്സൈറ്റായ ഇ-ബേയില്‍ വില്പനയ്ക്കെത്തി.
ഭാഗ്യനമ്പര്‍ എന്ന് വിശേഷിപ്പിച്ച് ‘786’ ല്‍ അവസാനിക്കുന്ന സീരിയല്‍ നമ്പര്‍ ഉള്ള നോട്ടാണ് വെബ്സൈറ്റില്‍ വില്പനയ്ക്ക് വച്ചിരിക്കുന്നത്. 20,000 മുതല്‍ 1,50,000 രൂപ വരെയാണ് വിലയിട്ടിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് 20000 നും 1.5 ലക്ഷത്തിനും ഇടയിലുള്ള തുക ബിഡ് ചെയ്യാം. മറ്റൊരു ഇ-ബി സെല്ലറും 786 ല്‍ അവസാനിക്കുന്ന 2000 രൂപയുടെ നോട്ട് വില്പനയ്ക്ക് വച്ചിട്ടുണ്ട്.
സ്വന്തന്ത്രമായ വ്യാപാര പ്ലാറ്റ്ഫോമാണ് ഇ-ബേയെന്നും അതിനാല്‍ സെല്ലര്‍മാര്‍ വില്പനയ്ക്ക് വയ്ക്കുന്ന സാധനങ്ങളില്‍ തങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നുമാണ് യു.എസ് ആസ്ഥാനമായ കമ്പനിയുടെ വക്താവ് നല്കുന്ന വിശദീകരണം. ലിസ്റ്റ് ചെയ്തിരിക്കുന്ന 2000 രൂപയുടെ നോട്ട് ഇതുവരെ ആരും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഭാഗ്യനമ്പരുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സീരിയലുകളിലുള്ള ഇന്ത്യന്‍ രൂപ നോട്ടുകള്‍ വില്പനയ്ക്ക് വച്ചതിന് മധ്യപ്രദേശ് ഹൈക്കോടതി ഇ-ബേയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
നോട്ടുകള്‍ അസാധുവാക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ 20, 50 മുതലായ ചെറിയ തുകയുടെ നോട്ടുകള്‍ ആളുകള്‍ വന്‍ ലാഭത്തിന് ഇ-ബെയില്‍ വില്‍ക്കാനെത്തിയിരുന്നു. 20 രൂപയുടെ 900 രൂപയ്ക്കും 786 സീരിയലിലുള്ള 50 രൂപയുടെ നോട്ടുകള്‍ക്ക് 5000 രൂപയ്ക്കുമായിരുന്നു വില്പന.
Post Your Comments