തിരുവനന്തപുരം: സംസ്ഥാനത്തെ എടിഎമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ എത്തി. നോട്ടുകൾ തിരുവനന്തപുരത്തെ സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളിലാണ് ലഭ്യമായി തുടങ്ങിയത്. തിരുവനന്തപുരത്തെ 65 എടിഎമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കും.
വിപണിയിൽ 2000 രൂപയുടെ നോട്ടുകള്‍ നേരത്തെ എത്തിയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം എടിഎമ്മുകളില്‍ എത്തിയിരുന്നില്ല. പുതിയ 2000 രൂപയുടെ നോട്ടുകളുടെ വലിപ്പക്കുറവ് എടിഎമ്മുകളില്‍ നിക്ഷേപിക്കുന്നതിന് തടസ്സമായിരുന്നു. ഇതിനായി എടിഎമ്മുകളില്‍ പ്രത്യേക സജ്ജീകരണം വരുത്തണമായിരുന്നു. അതിനാലാണ് ഇതുവരെ എടിഎമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭ്യമാകാതിരുന്നത്. പുതുതായി പുറത്തിറക്കിയ നോട്ട് ആയതിനാല്‍ ഒരു എടിഎമ്മിലെ സോഫ്റ്റ് വെയര്‍ ക്രമീകരിച്ച് പണം നിറയ്ക്കാന്‍ മുക്കാല്‍ മണിക്കൂറോളം വേണ്ടിവന്നു.
500 രൂപയുടെ നോട്ടുകള്‍ കേരളത്തില്‍ ഇന്ന് വിതരണം തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും പണം ഇതുവരെ എത്തിയിട്ടില്ല. ഇന്ന് വൈകീട്ടോടെ ചെസ്റ്റുകളില്‍ എത്തുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ നാളെ 500 രൂപാനോട്ടുകളും എടിഎമ്മില്‍ നിറയ്ക്കും. ഇതോടെ നിലവിലെ പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. 100, 50 രൂപകളുടെ നോട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി എടിഎമ്മുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് 50, 20 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യുമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments