Kerala

ശബരിമല വിമാനത്താവളം: പദ്ധതിക്കു പിന്നില്‍ 25,000 കോടിയുടെ കുംഭകോണമെന്ന് വി മുരളീധരന്‍

പാലക്കാട്: സര്‍ക്കാരിന്റെ ശബരിമല വിമാനത്താവള പദ്ധതിക്കെതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. എരുമേലിയില്‍ വരാന്‍ പോകുന്ന വിമാനത്താവളത്തിനു പിന്നില്‍ കോടികളുടെ തട്ടിപ്പുണ്ടെന്നാണ് ആരോപണം. സര്‍ക്കാരിന് അര്‍ഹതപ്പെട്ട തോട്ട ഭൂമികള്‍ കൈവശക്കാര്‍ക്കു പതിച്ചു നല്‍കാനുള്ള 25,000 കോടി രൂപയുടെ കുംഭകോണമാണ് ഇതിനു പിന്നില്‍ നടക്കുന്നതെന്നും മുരളീധരന്‍ ആരോപിക്കുന്നു.

ഈ തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയാതിരിക്കാനാണ് സംസ്ഥാനത്ത് നോട്ടിന്റെ മറപിടിച്ച് സര്‍ക്കാര്‍ ഭീതി പരുത്തന്നതെന്നും അദ്ദേഹം പറയുന്നു. വിമാനത്താവളത്തിനായി കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമി സര്‍ക്കാരിന് അര്‍ഹതപ്പെട്ടതാണ്. ഇതുള്‍പ്പെടെയുള്ള ഭൂമികള്‍ തിരിച്ചുപിടിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടറായിരുന്ന രാജമാണിക്കം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാനത്ത് ഇത്തരത്തില്‍ അഞ്ചു ലക്ഷം ഏക്കര്‍ ഭൂമിയുണ്ട്.

വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പകരം ബന്ധപ്പെട്ട വ്യക്തിക്ക് ഷെയര്‍ നല്‍കാനാണു സര്‍ക്കാര്‍ നീക്കം. ഇത്തരത്തില്‍ ഷെയര്‍ നല്‍കുന്നത് ഭൂമി കൈവശക്കാര്‍ക്കു സ്വന്തമാണെന്ന അവകാശവാദം അംഗീകരിക്കുന്നതിനു തുല്യമാണ്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ എസ്എന്‍സി ലാവ്ലിന്‍ കേസില്‍ 374 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാണിക്കുന്നു.

ഇപ്പോള്‍ മുഖ്യമന്ത്രിയായതോടെ അദ്ദേഹത്തിന്റെ നിലവാരം കൂടി. അതുകൊണ്ടാണ് ശബരിമലയുടെ മറവില്‍ 25,000 കോടി രൂപയുടെ കുംഭകോണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇതില്‍ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്ക് എത്ര വിഹിതം കിട്ടുമെന്നു വൈകാതെ അറിയാമെന്നും മുരളീധരന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button