ദുബായ്: ഇന്ത്യയില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ റദ്ദാക്കിയതോടെ വെട്ടിലായത് പ്രവാസികളാണ് . കറന്‍സി മാറ്റിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 30 വരെ സമയം നല്‍കിയിട്ടുണ്ടെങ്കിലും ഗള്‍ഫ് നാടുകളിലെ മലയാളികളില്‍ ഭൂരിപക്ഷത്തിനും മാറ്റിയെടുക്കാനുള്ള സാഹചര്യമില്ല. ഈയവസരം മുതലെടുത്താണ് പ്രവാസികളെത്തേടി പുതിയ വാഗ്ദാനങ്ങളുമായി പണം മാറ്റിനല്‍കുന്ന സ്വകാര്യസംഘങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ യു.എ.ഇ.യില്‍നിന്ന് ശരാശരി 5500 ദിര്‍ഹം നാട്ടിലേക്ക് അയച്ചാല്‍ ബാങ്കില്‍ ഒരുലക്ഷം രൂപയായി എത്തും. എന്നാല്‍, അതിന്റെ പാതി നല്‍കിയാല്‍പോലും ഒരുലക്ഷം വീട്ടിലെത്തിക്കാമെന്ന വാഗ്ദാനവുമായി നിരവധി സംഘങ്ങളാണ് ഗള്‍ഫ് നാടുകളില്‍ വലവിരിച്ചിരിക്കുന്നത്. റദ്ദാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിട്ടായിരിക്കും ഇത് നല്‍കുന്നതെന്ന വ്യവസ്ഥയുമുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടപാടില്‍ ഏര്‍പ്പെടുന്നവരുടെ യുക്തംപോലെ ഇത് ബാങ്കുകളില്‍നിന്ന് മാറ്റിയെടുക്കാനാവുമെന്നും അവര്‍ ഉറപ്പുനല്‍കുന്നു. ഡിസംബര്‍ 30വരെ സമയമുള്ളതിനാല്‍ വീട്ടിലെ മറ്റ് അംഗങ്ങളെക്കൊണ്ടോ നാട്ടിലെ കാര്യമായ വരുമാനമില്ലാത്തവരെ നിയോഗിച്ചോ ഘട്ടംഘട്ടമായി ഇത് മാറ്റിയെടുക്കാനാണ് അവര്‍ നല്‍കുന്ന ഉപദേശം.
വലിയ കറന്‍സിനോട്ടുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് അങ്കലാപ്പിലായ കുഴല്‍പ്പണസംഘങ്ങള്‍, കണക്കില്‍പ്പെടാത്ത പണം കൈയില്‍നിന്ന് ഒഴിവാക്കാനാണ് പുതിയ തന്ത്രം സ്വീകരിച്ചിരിക്കുന്നത്. രണ്ടുമാസത്തേക്കുമാത്രമേ ഈ സൗകര്യം ഉണ്ടാവുകയുള്ളൂ എന്ന മുന്നറിയിപ്പുമായി സാധാരണക്കാരായ പ്രവാസികളെ അവര്‍ മോഹിപ്പിക്കുന്നു. അമ്പത് ലക്ഷം രൂപയ്ക്ക് സമാനമായ ദിര്‍ഹം നല്‍കിയാല്‍ നാട്ടില്‍ ഒരുകോടി രൂപ നല്‍കാമെന്ന ഓഫറുമായി വന്‍കിടക്കാരും രംഗത്തുണ്ട്.
വിവിധ മണി എക്‌സ്‌ചേഞ്ചുകള്‍ വഴിയും ബാങ്കുകള്‍ മുഖേനയും നിയമവിധേയമായി പണം നാട്ടിലേക്ക് അയയ്ക്കുന്നവരാണ് ഏറെയും. എന്നാല്‍, ഇവിടെനിന്ന് ക്രമാതീതമായി പണം പുറംരാജ്യങ്ങളിലേക്ക് പോകുന്നത് പല ഗള്‍ഫ് നാടുകളും ഈയിടെയായി കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനത്തിനായി പണം പോകുന്നുണ്ടോയെന്നുള്ള പരിശോധനയുടെ ഭാഗമായാണിത്. ഇന്ത്യയില്‍ ക്രമാതീതമായ തോതില്‍ പണം എത്തുന്നുണ്ടോ എന്നത് ആദായനികുതി വകുപ്പും നിരീക്ഷിച്ചുവരുന്നുണ്ട്. ഇത് മറികടക്കാനാണ് കുഴല്‍പ്പണസംഘങ്ങളെ പലരും ആശ്രയിക്കുന്നത്.
പണം അയയ്ക്കാന്‍ ചെലവില്ലെന്നതും ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായി പണം എത്തുന്നെന്നതും ഈ സംഘങ്ങള്‍ തഴച്ചുവളരാന്‍ കാരണമായി. ഇവിടെ ദിര്‍ഹവും റിയാലുമെല്ലാം നല്‍കുകയും സമാനമായ തുക നാട്ടില്‍ വിതരണം ചെയ്യുകയും ചെയ്യുന്നതാണ് രീതി. ഇതിന്റെ പിന്നിലുള്ളവര്‍ക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള എളുപ്പവിദ്യയാണ് ഈ കുഴല്‍പ്പണ ഇടപാട്. പകരം കിട്ടുന്ന ഗള്‍ഫ് പണം ഇവിടെത്തന്നെ മറ്റ് വ്യാപാരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സൗകര്യവും ഇക്കൂട്ടര്‍ക്കുണ്ട്. ഇതുപോലെ നാട്ടില്‍നിന്ന് ഇന്ത്യന്‍രൂപ ഗള്‍ഫിലേക്ക് കുഴല്‍പ്പണമായി എത്തിച്ചുനല്‍കാനും ഈ സംഘങ്ങള്‍ക്ക് സംവിധാനമുണ്ട്. അതിനും പ്രത്യേക വ്യവസ്ഥകളും കമ്മീഷനുമുണ്ട്. നാട്ടില്‍നിന്ന് ഗള്‍ഫിലേക്ക് ഇത്തരത്തില്‍ കൊണ്ടുവരുന്നതും പലപ്പോഴും കണക്കില്‍പ്പെടാത്ത തുകയാണ്.
അതേസമയം, ചെറുതാണെങ്കിലും കൈയില്‍ സൂക്ഷിച്ചിട്ടുള്ള ഇന്ത്യന്‍ കറന്‍സി എങ്ങനെ മാറ്റിയെടുക്കാനാവുമെന്ന ആശങ്കയിലാണ് പ്രവാസികളെല്ലാം. യു.എ.ഇ.യില്‍മാത്രം 28 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരുടെ പക്കല്‍ ശരാശരി ആയിരം രൂപയാണെങ്കില്‍പോലും ചുരുങ്ങിയത് 282 കോടി രൂപ ഇപ്പോള്‍ യു.എ.ഇ.യില്‍ ഉണ്ടാവാം. ഈ തുക ഇതിലും കൂടുതലവാനേ സാധ്യതയുള്ളൂ. കുറേപ്പേര്‍ ഇത് മാറ്റിയെടുക്കാനായി നാട്ടില്‍ പോകുന്നവരെ ഏല്പിക്കുന്നുണ്ട്. ഡിസംബര്‍ 30വരെ ആരെയെങ്കിലും ചുമതലപ്പെടുത്തി ഇവ നാട്ടില്‍നിന്ന് മാറ്റിയെടുക്കാനാവുമെന്നും അതിന് കഴിയാത്തവര്‍ക്ക് പിന്നീട് റിസര്‍വ് ബാങ്കില്‍നിന്ന് മാറ്റാനാവുമെന്നുമാണ് ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
കടപ്പാട് : മാതൃഭൂമി
Post Your Comments