പൂനൈ: നിലവിലെ ഉഭയകക്ഷി ബന്ധത്തില്‍ അസ്വസ്ഥതകള്‍ ഒന്നും ബാധിക്കാതെ ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സംയുക്ത സൈനികാഭ്യാസം പൂനെയില്‍ ആരംഭിച്ചു. ഇരുരാജ്യങ്ങളുടേയും സംയുക്ത സൈനികാഭ്യാസം ഭീകരതയ്‌ക്കെതിരെയാണ്. ഓരോ വര്‍ഷവും ഇന്ത്യയിലും ചൈനയിലുമായി മാറി മാറി നടക്കുന്ന ഉദ്ഘാടന ചടങ്ങ് ഔന്ധ് മിലിറ്ററി സ്റ്റേഷനിലെ പരേഡ് ഗ്രൗണ്ടില്‍ നടന്നു. അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍ മേജര്‍ ജനറല്‍ വൈകെ ജോഷി, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ടിബറ്റന്‍ തിയേറ്ററിന്റെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ വാംഗ് ഹൈജിയാംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പരേഡ് കമാന്‍ഡ് ചെയ്തത് ലെഫ്റ്റനന്റ് കേണല്‍ ലി ഗ്വാന്‍ഹുവ ആണ്. കേണല്‍ ദയാനന്ദ് ശര്‍മ ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കി. തീവ്രവാദത്തിനെതിരായ നീക്കങ്ങള്‍ സംയുക്തമായി രൂപീകരിക്കുകയും നഗരങ്ങളില്‍ തീവ്രവാദം ചെറുക്കാനുള്ള നീക്കങ്ങള്‍ നടത്തുകയുമാണ് ഈ സൈനികാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് ഇന്ത്യന്‍ ആര്‍മി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അലോക് ശര്‍മ പറഞ്ഞു. കമ്പനി തലത്തിലുള്ള സംയുക്ത പരിശീലനത്തിന് ഊന്നല്‍ നല്‍കിയാണ് സൈനികാഭ്യാസം നടക്കുന്നത്.
ഇന്ത്യയും ചൈനയും രാജ്യാന്തര തലത്തിലുള്ള തീവ്രവാദഭീഷണിയെ പറ്റി വ്യക്തമായി മനസിലാക്കിയെന്നും തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നുമള്ള ശക്തമായ സന്ദേശമാണ് ഈ സംയുക്ത സൈനികാഭ്യാസം ലോകത്തിന് നല്‍കുക എന്നും ശര്‍മ പറഞ്ഞു. ഇരു രാജ്യങ്ങളുടേയും സേനകള്‍ തങ്ങളുടെ പക്കലുള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷമാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.
Post Your Comments