Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Devotional

ശബരിമലയ്ക്ക് പോകുന്നവര്‍ തീര്‍ച്ചയായും പാലിക്കേണ്ടവ

ശബരിമലയ്ക്ക് പോകുന്ന ഭക്തര്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അത് താഴെ കൊടുത്തിരിക്കുന്നു
വ്രതം

ശബരിമല ക്ഷേത്രദര്‍ശനം വ്യക്തമായ ആചാരങ്ങളും ചിട്ടവട്ടങ്ങളും ജീവിതചര്യകളുമുള്ള യാത്രയാണ്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അനുഷ്ഠാനം. തീര്‍ഥാടനം പൂര്‍ണവും ശുദ്ധവുമാകണമെങ്കില്‍ ആചാരങ്ങള്‍ നിഷ്ഠയോടെ പാലിക്കണം. 41 ദിവസം നീണ്ടുനില്‍ക്കുന്ന കഠിനമായ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി ശബരിമലയിലേക്കുള്ള യാത്ര. കുത്തനെയുള്ള മലകള്‍ കയറി ഇറങ്ങാനും കഷ്ടതകള്‍ സഹിച്ച് ദര്‍ശനം നടത്താനും മനസിനേയും ശരീരത്തെയും പാകപ്പെടുത്തി എടുക്കാനുമാണ് വ്രതം നോക്കുന്നത്.

മുദ്ര അണിയല്‍

വ്രതം തുടങ്ങുന്നതിന്റെ അടയാളമായി കഴുത്തില്‍ അയ്യപ്പ മുദ്ര അണിയണം. തുളസി, രുദ്രാക്ഷ മാലകളാണ് ഉത്തമം. ശനിയാഴ്ചയോ ഉത്രം നക്ഷത്രത്തിലോ മാല ധരിക്കുന്നതാണ് നല്ലത്. അയ്യപ്പന്റെ ജന്മനാളായതിനാലാണ് ഉത്രത്തിനു പ്രാധാന്യം. ക്ഷേത്രത്തിലോ ഗുരുസ്വാമിയുടെ അടുക്കലോ പൂജിച്ചു വേണം മാലയിടാന്‍. മാലഅണിയിച്ചു കഴിയുമ്പോള്‍ ദക്ഷിണയും നല്‍കണം.

പുലര്‍ച്ചേ ഉണരണം

വ്രതം തുടങ്ങിയാല്‍ രണ്ടുനേരവും കുളിക്കണം. സൂര്യന്‍ ഉദിക്കും മുമ്പേ ഉണര്‍ന്ന് പ്രഭാതകര്‍മങ്ങള്‍ നടത്തി കുളിച്ച് ശരീരം ശുദ്ധിവരുത്തണം. ശബരീശനെ മനസില്‍ പ്രതിഷ്ഠിച്ച് ശരണംവിളിക്കണം. വൈകിട്ട് കുളിച്ച് സന്ധ്യാവന്ദനം നടത്തണം.

ബ്രഹ്മചര്യം

വ്രതാനുഷ്ഠാനകാലത്ത് കര്‍ശനമായ ബ്രഹ്മചര്യ നിഷ്ഠകള്‍ പാലിക്കണം.

ആഹാരം

ശരീരവും മനസ്സും ശുദ്ധമാക്കാന്‍ ആഹാരത്തിലുമുണ്ട് കര്‍ശന നിയന്ത്രണം. സസ്യ ആഹാരമേ പാടുള്ളു. മല്‍സ്യ മാംസാദികള്‍ വര്‍ജിക്കണം. പഴയ ഭക്ഷണ സാധനങ്ങളും ഒഴിവാക്കണം. ആഹാരത്തിലെ നിയന്ത്രണം വ്രതങ്ങളുടെ പ്രധാന ഭാഗമാണ്. വ്രതകാലത്ത് പ്രോട്ടീന്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍ (കടല, പരിപ്പ്, ചെറുപയര്‍) ധാരാളം കഴിക്കണം. നന്നായി വെള്ളം കുടിക്കണം. പച്ചക്കറികളും പഴവര്‍ഗങ്ങളും നന്നായി കഴിക്കണം.
തലമുടിവെട്ടരുത്

വ്രതം തുടങ്ങിയാല്‍ തലമുടിവെട്ടരുത്. താടിവടിക്കരുത്.

കാമ ക്രോദങ്ങള്‍ വെടിയണം

വ്രതാനുഷ്ഠാന കാലത്ത് കാമക്രോദങ്ങള്‍ പാടില്ല. രജസ്വലയായ സ്ത്രീകളുടെ അടുക്കല്‍ പോകരുത്.

വസ്ത്രം

ലാളിത്യത്തിന്റെ അടയാളമാണ് സ്വാമിമാരുടെ വേഷം. കറുപ്പോ, കാവിയോ നീലയോയായ വസ്ത്രങ്ങളാണ് വേണ്ടത്. മലയാളികള്‍ കാവി ഉടുക്കുമ്പോള്‍ ആന്ധ്രയും കര്‍ണാടകയും കറുപ്പാണ് ധരിക്കുക. തമിഴ്‌നാട്ടുകാര്‍ കൂടുതല്‍ നീലയാണ്. ചിലര്‍ പച്ചയും അണിയുന്നു.

വ്രതം മുറിഞ്ഞാല്‍

വ്രതാനുഷ്ഠാനമില്ലാതെ മലചവിട്ടരുത്. 41 ദിവസത്തെ വ്രതം നോക്കണം. അതിനിടെ അശുദ്ധിയുണ്ടായി വ്രതം മുറിഞ്ഞാല്‍ പഞ്ചഗവ്യശുദ്ധി വരുത്തണം. അതിനു കഴിയുന്നില്ലെങ്കില്‍ ക്ഷേത്രത്തില്‍ നിന്നു പുണ്യാഹം കൊണ്ടുവന്ന് തളിച്ച് ശുദ്ധിവരുത്തി തെറ്റുകള്‍ക്ക് പ്രായശ്ചിത്ത വഴിപാട് നേര്‍ന്ന് 101 ശരണംവിളിച്ച് സ്വാമി കോപം ഉണ്ടാകരുതെന്ന് പ്രാര്‍ഥിക്കണം.

പതിനെട്ടാംപടി ചവിട്ടാന്‍ ഇരുമുടിക്കെട്ടുവേണം

ഗുരുസ്വാമിയാണു കെട്ടുമുറുക്കുക. ഗുരുസ്വാമിയില്ലെങ്കില്‍ ക്ഷേത്രങ്ങളിലെ മേല്‍ശാന്തി മതി. വീട്ടില്‍ കെട്ടുമുറുക്കാം. മുറ്റത്തു പന്തലിട്ട്, തറ ചാണകം മെഴുകി ശുദ്ധി വരുത്തി. വാഴപ്പോളയും കുരുത്തോലയുംകൊണ്ട് അലങ്കരിക്കാം. അതിനു പറ്റുന്നില്ലെങ്കില്‍ വീടിനുള്ളിലും കെട്ടുമുറുക്കാം. ശുദ്ധമായ സ്ഥലമാകണമെന്നു മാത്രം.
കെട്ടുമുറുക്കാന്‍ പറ്റിയ സ്ഥലം
ഗൃഹത്തിലോ ക്ഷേത്രത്തിലോ കെട്ടുമുറുക്കാം. ഗൃഹത്തിലാണെങ്കില്‍ ഗുരുസ്വാമി വേണം. ക്ഷേത്രത്തിലാണെങ്കില്‍ മേല്‍ശാന്തി മതി. വീട്ടിലാണെങ്കില്‍ മുറ്റത്തു പ്രത്യേക പന്തലിട്ട് ചാണകം മെഴുകി ശുദ്ധി വരുത്തണം. പന്തലിനു സ്ഥാനമുണ്ട്. വീടിന്റെ കിഴക്കു വശത്ത് ഏഴുകോല്‍ ചതുരത്തില്‍ വേണം പന്തല്‍. നാല് തൂണുള്ളതാകണം. അതിനു മുകളില്‍ ഓലമേയാം. വശങ്ങള്‍ വെള്ള വസ്ത്രം കൊണ്ട് മറച്ച് ആലില, മാവില, പൂക്കള്‍ എന്നിവ കൊണ്ട് അലങ്കരിക്കാം.

കെട്ടുമുറുക്കുന്ന പന്തല്‍

ഒരുക്കല്‍ ശുദ്ധമായ പീഠത്തില്‍ അലക്കിയ മുണ്ടുവിരിച്ച് കിഴക്കോട്ട് ദര്‍ശനമായി അയ്യപ്പന്റെ ചിത്രം വെയ്ക്കണം. അതിനു മുന്നില്‍ തൂശനിലയിട്ട് വേണം നിലവിളക്കുവെയ്ക്കാന്‍. ഗണപതിയൊരുക്കുവെയ്ക്കാനും തൂശനില വേണം. ഗണപതിയൊരുക്കുവെച്ച് നിലവിളക്കു കൊളുത്തണം. പുതിയ പായ് വിരിച്ച് അതില്‍ വേണം കെട്ടിലേക്കുള്ള സാധനങ്ങള്‍ വെയ്ക്കാന്‍.

നെയ്‌ത്തേങ്ങ ഒരുക്കല്‍

നാളികേരം കിഴിച്ച് അതിലെ ജലാംശം പൂര്‍ണമായും കളയണം. നെയത്തേങ്ങയുടെ പുറത്തെ ചകിരിയും ചിരണ്ടി കളഞ്ഞു വേണം ഒരുക്കാന്‍.

കെട്ടുമുറുക്കുമ്പോള്‍

നിലവിളക്കു തെളിയിച്ച് ശരണംവിളിച്ച് വേണം കെട്ടുമുറുക്ക് തുടങ്ങാന്‍. നിലവിളക്കിനു മുന്നില്‍ വെറ്റിലയും പാക്കും നാണയവുമായി പൂര്‍വികരെ ഓര്‍ത്ത് ദക്ഷിണവെയ്ക്കണം.അതിനു മുമ്പ് ഇരുമുടി കെട്ടില്‍ കൊണ്ടുപോകേണ്ട സാധനങ്ങവ്! ഓരോന്നായി എടുത്ത് കെട്ടിവെയ്ക്കണം. പ്ലാസ്റ്റിക് നിരോധിച്ചിട്ടുള്ളതിനാല്‍ പേപ്പറില്‍ പൊതിയുകയോ ചെറിയ തുണിസഞ്ചിയില്‍ ഇട്ട് കെട്ടിവെയ്ക്കുകയോ മതി. ഇരുമുടിയെടുത്ത് അയ്യപ്പനെ മനസില്‍ ധ്യാനിച്ച് ശരണംവിളിച്ചു വേണം കെട്ടുമുറുക്ക് തുടങ്ങാന്‍. അഭിഷേകപ്രിയനെ പ്രാര്‍ഥിച്ചാണ് നെയ്‌ത്തേങ്ങ നിറയ്ക്കുന്നത്. കിഴിച്ച നാളികേരത്തില്‍ ആദ്യത്തെ നെയ്യ് ഒഴിച്ചു കൊടുക്കേണ്ടതും അതാത് ഭക്തനാണ്. നെയ് നിറച്ചാല്‍ ചോരാതിരിക്കാന്‍ കോര്‍ക്കുകൊണ്ട് അടച്ച് അതിനു മുകളില്‍ പര്‍പ്പടകം നനച്ച് ഒട്ടിക്കണം. അന്നദാന പ്രഭുവിനെ ശരണംവിവിച്ച് കെട്ടില്‍ മൂന്നുതവണ അരിയിടണം. മുന്‍കെട്ടില്‍ വഴിപാട് സാധനങ്ങളും പിന്‍കെട്ടില്‍ ഭക്ഷണ സാധനങ്ങളുമാണ്.

ദക്ഷിണ
കെട്ടുമുറുക്കി കഴിഞ്ഞാല്‍ വീട്ടിലുളള മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ദക്ഷിണ നല്‍കണം. അതിനു ശേഷം വേണം ഗുരുസ്വാമിക്ക് ദക്ഷിണ നല്‍കാന്‍. ഓരോരുത്തരുടെയും കഴിവിന് അനുസരിച്ചാണ് ഗുരുസ്വാമിക്ക് ദക്ഷിണ കൊടുക്കാറുള്ളത്.

കെട്ട് ശിരസിലേറ്റും മുമ്പ്
കറുപ്പോ കാവിയോ വസ്ത്രം ഉടുത്ത് തലയില്‍ തോര്‍ത്തു കെട്ടി പ്രാര്‍ഥിക്കണം. കറുപ്പസ്വാമിയേ ശരണംവിളിച്ച് ഗുരുസ്വാമി കറുപ്പുകച്ച അരയില്‍ കെട്ടും. അതിനു ശേഷം കെട്ടില്‍ തൊട്ടുതൊഴുത് സരണംവിവിച്ച് കിഴക്കിന് അഭിമുഖമായി നിന്നു വേണം കെട്ട് ശിരസിലേറ്റാന്‍. പന്തലിനു പ്രദക്ഷിണം കെട്ട് ശിരസിലേറ്റിയാല്‍ കിഴക്കോട്ട് ഇറങ്ങി പന്തലിനു മൂന്നു പ്രദക്ഷിണംവെച്ചു വേണം ഇറങ്ങാന്‍.

നല്ല ശകുനം
ശബരിമല യാത്രയില്‍ അയ്യപ്പന്മാര്‍ക്ക് ആപത്തുകള്‍ ഒന്നും ഉണ്ടാകാതിരിക്കാന്‍ പഴമക്കാര്‍ നല്ലശകുനം വേണമെന്നു പറയുന്നു. ഇതിനായി കത്തിച്ച നിലവിളക്കുമായി അമ്മയോ മുത്തശിയോ വീടിന്റെ മുറ്റത്ത് വഴിതുടങ്ങുന്ന ഭാഗത്ത് നില്‍ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button