ന്യൂഡൽഹി:ജൻധൻ-ആധാർ-മൊബൈൽ എന്നിവയുടെ ഏകോപനം വഴി രാജ്യത്തിനു ലാഭം 36,000 കോടി രൂപയെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം വഴിയാണ് ഇതു സാദ്ധ്യമായത് .കൂടാതെ സബ്സിഡിയിനത്തിൽ ലാഭിച്ച ഈ പണം രാജ്യത്തെ പാവങ്ങളുടെ ഉന്നമനത്തിനു വേണ്ടി വിനിയോഗിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറയുകയുണ്ടായി.
പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ജനങ്ങൾ സ്വമനസ്സാലെ വേണ്ടെന്നു വച്ച സബ്സിഡികൾ ഇതുമൂലം നിരവധി പാവപ്പെട്ടവർക്ക് പ്രയോജനപ്പെടുകയായിരുന്നു. 6 കോടി ഭാരതീയരെ ഡിജിറ്റൽ സാങ്കേതിക വിദ്യയുമായി ചേർക്കുന്നതിനുളള പുതിയ പദ്ധതി ഉടൻ തന്നെ ആരംഭിയ്ക്കുമെന്നു പ്രഖ്യാപിച്ച മന്ത്രി, 50 കോടി ലാൻഡ് ലൈൻ, വയർലെസ് ഇന്റർനെറ്റ് കണക്ഷനുകൾ പുതുതായി ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.അതെ സമയം 125 കോടി ജനങ്ങളുളള ഭാരതത്തിൽ 103 കോടി മൊബൈൽ ഉപഭോക്താക്കളുളളതായും 107 കോടി ആധാർ കാർഡുടമകളുളളതായും സൈബർ സുരക്ഷയേക്കുറിച്ച് വ്യക്തമായ അവബോധം സർക്കാരിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരമേൽക്കുമ്പോൾ 11,000 കോടി രൂപയുടെ നിക്ഷേപമായിരുന്നു ഭാരതത്തിലുണ്ടായിരുന്നത്. എന്നാൽ ഇന്ന് 1,26,000 കോടിയായി വർദ്ധിച്ചു. കഴിഞ്ഞ വർഷം മാത്രം 40 പുതിയ മൊബൈൽ നിർമ്മാണ യൂണിറ്റുകൾ ഭാരതത്തിൽ ആരംഭിച്ചു.അതോടൊപ്പം പത്ത് മൊബൈൽ അനുബന്ധ സാമഗ്രികൾ നിർമ്മിയ്ക്കുന്ന സ്ഥാപനങ്ങൾ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
2,50,000 ഗ്രാമപഞ്ചായത്തുകളെ ഓപ്ടിക്കൽ ഫൈബർ നെറ്റ്‌വർക്കുമായി ബന്ധിപ്പിയ്ക്കുന്നതിനുളള തയ്യാറെടുപ്പിലാണ് സർക്കാർ.ഭാരതത്തെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ നിർമ്മിയ്ക്കുന്ന ഏറ്റവും വലിയ ഹബ്ബ് ആയി രൂപാന്തരപ്പെടുത്തുക എന്നതാണ് സർക്കാർ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
Post Your Comments