തിരുവനന്തപുരം : നോട്ട് നിരോധനം നിലവില്‍ വന്ന് ഒരാഴ്ച പിന്നിട്ടപ്പോള്‍ ബാങ്കുകളിലെ തിരക്ക് കുറഞ്ഞു തുടങ്ങി. അതേസമയം സംസ്ഥാനത്തെ മുക്കാല്‍പങ്ക് എടിഎമ്മുകളിലും ഇന്നലെ പണം നിറച്ചെങ്കിലും മിനിറ്റുകള്‍ക്കകം കാലിയായി. നോട്ടുക്ഷാമം രൂക്ഷമായിരുന്ന വടക്കന്‍ ജില്ലകളിലേക്കായി 21 കോടിയുടെ 100 രൂപ നോട്ടുകള്‍ ഇന്നലെ ആര്‍ബിഐ കോഴിക്കോട്ടെത്തിച്ചു. ഉച്ചയ്ക്കുശേഷം തലസ്ഥാനത്തെ ബാങ്കുകള്‍ക്ക് 10 രൂപയുടെ നാണയങ്ങളാണ് ആര്‍ബിഐ കൈമാറിയത്. ആദ്യദിനങ്ങളിലെ വന്‍തിരക്ക് ഇന്നലെ പക്ഷേ, ബാങ്കുകളില്‍ പ്രകടമായില്ല. രാജ്യത്തിന്റെ പല ഭാഗത്തും 2000 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാന്‍ തുടങ്ങിയെങ്കിലും കേരളത്തില്‍ ഇതു വൈകും.
എസ്ബിടിയുടെ 1736 എടിഎമ്മുകളില്‍ 1701 എണ്ണവും എസ്ബിഐയുടെ 1434 എടിഎമ്മുകളില്‍ 1002 എണ്ണവും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്. തിരുവനന്തപുരത്തെ ആര്‍ബിഐ മേഖലാ ആസ്ഥാനത്തെത്തിച്ച ശേഷം നോട്ടുകള്‍ ജില്ലകളിലേക്കയയ്ക്കുന്ന രീതി മാറ്റി, പകരം ചെറുവാഹനങ്ങളില്‍ ജില്ലകളിലെ ചെസ്റ്റുകളില്‍ നേരിട്ടു പണമെത്തിക്കുകയാണിപ്പോള്‍. മാറ്റിയെടുക്കാവുന്ന തുക 4,500 ആയും പിന്‍വലിക്കാവുന്നത് 24,000 ആയും വര്‍ധിപ്പിച്ചെങ്കിലും ഇന്നലെ തപാല്‍ ഓഫിസുകള്‍ പഴയപരിധിയിലാണു പണം വിതരണം ചെയ്തത്. ഇന്നു മുതല്‍ പുതിയപരിധിയില്‍ പോസ്റ്റ് ഓഫിസുകളില്‍ നിന്നു പണം നല്‍കും.
തപാല്‍ ഓഫിസ് പണമിടപാടുകളിലെ സംശയങ്ങള്‍ക്ക് 0471- 2575771 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാം. ട്രഷറികളിലേക്ക് ഫീസിനത്തിലും മറ്റും അടയ്‌ക്കേണ്ട തുകയ്ക്ക് ഇന്നലെ വൈകിട്ട് നാലു വരെ അസാധുവായ നോട്ട് സ്വീകരിച്ചു. 50 ലക്ഷം രൂപയാണ് ഈയിനത്തില്‍ ട്രഷറിയിലെത്തിയത്. റിസര്‍വ് ബാങ്കില്‍ നിന്നു രാവിലെ അനുമതി ലഭിച്ചാല്‍ ഇന്നും ഈ സൗകര്യം ലഭിക്കുമെന്നും ഓരോ ട്രഷറിയിലും തിരക്കിയ ശേഷം മാത്രമേ പഴയ നോട്ടുകളുമായി എത്താവൂ എന്നും വകുപ്പ് അറിയിച്ചു.
ബാങ്കുകളിലെയും പോസ്റ്റ് ഓഫിസുകളിലെയും അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന അസാധു നോട്ടിനു പരിധിയില്ല
തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കി ഏതു ബാങ്ക് ശാഖയില്‍ നിന്നും തപാല്‍ ഓഫിസില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫിസില്‍ നിന്നും മാറ്റി വാങ്ങാവുന്നത് ഡിസംബര്‍ 30 വരെ 4500 രൂപ
എടിഎം കാര്‍ഡ് ഉപയോഗിച്ച് ഒരു ദിവസം പിന്‍വലിക്കാവുന്നത് 2500 രൂപ
ചെക്കോ വിഡ്രോവല്‍ സ്ലിപ്പോ നല്‍കി അക്കൗണ്ടില്‍ നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയുമാണ്.
Post Your Comments