NewsIndia

500 രൂപ നോട്ടുകൾ ഡൽഹിയിലെത്തി; കേരളത്തിൽ ഏത് നിമിഷവും പ്രതീക്ഷിക്കുന്നു

ന്യൂഡല്‍ഹി: ബാങ്കുകളിൽ പുതിയ 500 രൂപ നോട്ടുകള്‍ വിതരണത്തിനായി എത്തിത്തുടങ്ങി. പുതിയ നോട്ടുകൾ എസ്ബിഐയുടെ ഡല്‍ഹി മുഖ്യശാഖയില്‍ വിതരണം ചെയ്തു. പ്രായം ചെന്നവര്‍ക്കും സ്ത്രീകള്‍ക്കും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കുകളില്‍ പ്രത്യേക വരി ഏര്‍പ്പെടുത്തണമെന്നും ധനമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. എസ്ബിഐയുടെ പാർലമെൻറ് സ്ട്രീറ്റ് ബ്രാഞ്ചിലും പണം വിതരണത്തിന് എത്തിച്ചതായി ധനമന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. കേരളത്തില്‍ 500ന്റെ നോട്ടുകള്‍ ഉടൻ എത്തുമെന്നാണ് പ്രതീക്ഷ.

100 രൂപ ആവശ്യത്തിന് ഇല്ലാത്ത സാഹചര്യം ജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പിന്‍വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കാനെത്തുമ്പോൾ അന്‍പതിന്റെയും ഇരുപതിന്റെയും പത്തിന്റെയും കെട്ടുകളും നാണയത്തുട്ടുകളും നല്‍കിയത് ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കി. 2000ന്റെ നോട്ടു കിട്ടുന്ന സാധാരണക്കാരന് അതു ചില്ലറയാക്കാനാകാത്തതും പ്രശ്നം രൂക്ഷമാക്കിയിരുന്നു.
അതേസമയം, 500ന്റെ പുതിയ നോട്ട് പുറത്തിറങ്ങുമ്പോള്‍ നിലവിലെ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍, എടിഎമ്മുകള്‍ വഴി 500, 2000 നോട്ടുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ എടിഎം മെഷീനുകളുടെ പുനഃക്രമീകരണത്തിനുശേഷമേ സാധ്യമാവുകയുള്ളൂ. അസാധുവായ നോട്ടുകളുടെയും പുതിയ നോട്ടുകളുടെയും വലുപ്പത്തിലുള്ള വ്യത്യാസമാണ് ഇതിനു കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button