Gulf

വിദേശികള്‍ക്ക് കുടുംബ, സന്ദര്‍ശന വിസ : പുതിയ സംവിധാനവുമായി കുവൈത്ത്

കുവൈത്ത് സിറ്റി : കുവൈത്തില്‍ പാസ്‌പോര്‍ട്ട് സേവനകേന്ദ്രങ്ങള്‍വഴി വിദേശികള്‍ക്ക് കുടുംബ, സന്ദര്‍ശന വിസ അനുവദിക്കും. വിസ അപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ സേവനകേന്ദ്രം മേധാവികള്‍ക്ക് അധികാരം നല്‍കിയതായി താമസകാര്യ വിഭാഗം മേധാവി മേജര്‍ ജനറല്‍ തലാല്‍ അല്‍ മഅ്‌റഫി അറിയിച്ചു. അപേക്ഷകന് 200 ദീനാറിന് മുകളില്‍ ശമ്പളമുണ്ടെങ്കില്‍ ഭാര്യ, മക്കള്‍ എന്നിവര്‍ക്കുള്ള മൂന്നുമാസത്തെ സന്ദര്‍ശന വിസയും 500 ദീനാറിനു മുകളിലാണെങ്കില്‍ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്കുള്ള ഒരു മാസത്തെ സന്ദര്‍ശന വിസയും അനുവദിക്കാനാണ് സേവന കേന്ദ്ര മേധാവികള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്.

വിസ ഓണ്‍ അറൈവല്‍ ലിസ്റ്റിലുള്ള 52 രാജ്യങ്ങളിലെയും യൂറോപ്യന്‍ യൂനിയനിലെയും പൗരന്മാര്‍ക്ക് വാണിജ്യ സന്ദര്‍ശന വിസ അനുവദിക്കുന്നതിനും സേവന കേന്ദ്ര മേധാവികളെ അധികാരപ്പെടുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അധികാരം താമസകാര്യ ഡയറക്ടര്‍മാര്‍ക്ക് മാത്രമായിരിക്കും.

ഓരോ ഗവര്‍ണറേറ്റിലെയും താമസകാര്യ ഓഫിസില്‍നിന്നാണ് അതത് ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനായി സന്ദര്‍ശന വിസ അനുവദിക്കുന്നത്. ഇനിമുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് സേവനകേന്ദ്രങ്ങളില്‍കൂടി വിസ അപേക്ഷകള്‍ സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button