KeralaNews

നോട്ട് വെളുപ്പിക്കാന്‍ കള്ളപ്പണക്കാരും എജന്‍റുകളും പരക്കം പാച്ചിലില്‍

കണ്ണൂർ: കള്ളപ്പണം വെളുപ്പിക്കാൻ അസാധുവാക്കിയ നോട്ടുകളുമായി കള്ളപ്പണക്കാർ ഏജന്റുമാരെ തേടി ഇറങ്ങുന്നു. മദ്യശാലകളിലും ബീവറേജസ് ഔട്ട് ലെറ്റുകളിലും ഇവരുടെ റാക്കറ്റ് രംഗത്തുണ്ടെന്നാണ് സൂചന. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ ഒരു ബിയർ- വൈൻ പാർലറിലും മറ്റുമായി ഇന്നലെ വൈകീട്ട് മദ്യപിക്കുന്നവരിൽ പലരെയും സമീപിച്ച് ആയിരം രൂപയുടെ നോട്ടുകൾ നൽകി പകരം 700 രൂപ നൽകിയാൽ മതിയെന്ന് പറഞ്ഞ് പലരിൽനിന്നുമായി നോട്ടുകൾ മാറിയെടുത്ത സംഭവവുമുണ്ടായി.
ബീവറേജസ് ഔട്ട് ലറ്റുകളുടെ പരിസരത്ത് ക്യൂ നിൽക്കുന്നവർക്കും ആയിരത്തിന്റെ നോട്ടുകൾ നൽകി 700 രൂപ തിരികെ വാങ്ങിച്ച സംഭവം നടന്നിരുന്നു.നിരോധിച്ച പണം ബാങ്കിൽനിന്ന് മാറ്റിയെടുക്കാനാവുമെന്നതിനാൽ പലരും കള്ളപ്പണ റാക്കറ്റിന്റെ വലയിൽ വീഴുന്നുണ്ടെന്നാണ് നിഗമനം.

കള്ളപ്പണം വൻതോതിൽ വെളുപ്പിക്കാൻ ഇറങ്ങിയിരിക്കുന്നവരിൽ മുന്നിൽ നിൽക്കുന്നത് നിർമ്മാണ രംഗത്തുള്ള വൻ കോൺട്രാക്ടർമാരും മറ്റുമാണ്. അസാധുവാക്കിയ അഞ്ഞൂറും ആയിരം രൂപ നോട്ടുകൾ ഉൾപ്പെട്ട രണ്ടു ലക്ഷം രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് വെളുപ്പിച്ച് നൽകുന്നവർക്ക് പതിനായിരവും ഇരുപതിനായിരം രൂപയുമൊക്കെയാണ് ഇവരുടെ വാഗ്ദാനം. രണ്ടു ലക്ഷംരൂപ വെളുപ്പിച്ച് നൽകാൻ ഇടനിലക്കാരായ ഏജന്റ് മുപ്പതിനായിരം മുതൽ അരലക്ഷംവരെ കമ്മീഷൻ ഉറപ്പിച്ചാണ് രംഗത്തുവന്നിരിക്കുന്നത്. നിർമ്മാണ മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികളെ മറയാക്കിയും കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
മലബാറിൽ കാസർകോടും കണ്ണൂരിലും മലപ്പുറത്തുമാണ് ഇത്തരത്തിലുള്ള റാക്കറ്റ് കൂടുതൽ സജീവമായിട്ടുള്ളത്.കേന്ദ്ര സർക്കാർ നടപടികളിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ തേടിയാണ് സംസ്ഥാനത്തെ ഹവാല, കുഴൽപ്പണ സംഘങ്ങൾ ഇടനിലക്കാരുടെ സഹായം തേടുന്നത്. ഇതോടൊപ്പം അവസരം മുതലെടുത്ത് ഏജന്റുമാർ കള്ളപ്പണക്കാരെ തേടിയെത്താനും തുടങ്ങിയിട്ടുണ്ട്. സഹകരണ ബാങ്കുകൾ വഴി കള്ളപ്പണം പരമാവധി വെളുപ്പിക്കാനും പലരും ശ്രമിക്കുന്നുണ്ട് .നിരോധിച്ച പണം ബാങ്കിൽനിന്ന് മാറ്റിയെടുക്കാനാവുമെന്നതിനാൽ പലരും കള്ളപ്പണ റാക്കറ്രിന്റെ വലയിൽ വീഴുന്നുണ്ടെന്നാണ് പറയുന്നത്. രേഖകളില്ലാത്ത പണം ബാങ്കിൽ വൻതോതിൽ നിക്ഷേപിക്കാൻ ചെന്നാൽ പിടിവീഴുമെന്ന ധാരണയിലാണ് കൈയിലുള്ള കണക്കില്ലാത്ത പണം ചെലവഴിക്കാൻ പലരും കുറുക്കുവഴിതേടി രംഗത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button