കൊച്ചി : കൊച്ചിയിലെ ഗുണ്ടാ അതിക്രമക്കേസില്‍ വാദിയെ പ്രതിയാക്കി പൊലീസ്. 2012ല്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് പരാതിക്കാരനെ കുറ്റക്കാരനാക്കി പൊലീസ് അന്വേഷണം ഒതുക്കിയത്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പണം തട്ടിയ കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ മുന്‍ നേതാവ് കറുകപ്പള്ളി സിദ്ദിഖിനെ സംരക്ഷിക്കാനാണ് നഗരത്തിലെ പൊലീസ് ഉന്നതര്‍ ഒത്തുകളിച്ചത്. യുഡിഎഫ് ഭരണകാലത്താണ് ഈ അട്ടിമറി നടന്നത്.
നിസാര്‍ അഹമ്മദ് എന്നയാളുടെ പരാതിയില്‍ 2012 ല്‍ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഡി.വൈ.എഫ്.ഐ മുന്‍ നേതാവ് കറുകപ്പള്ളി സിദ്ദിഖായിരുന്നു കേസിലെ പ്രതി. നിസാറിനെ സിദ്ദിഖ് ക്രൂരമായി മര്‍ദ്ദിക്കുകയും പണവും വസ്തുവകകളും തട്ടിയെന്നുമായിരുന്നു
കേസ്. സിദ്ദിഖിന്റെ ഭീഷണിയെത്തുടര്‍ന്ന് നിസാര്‍ ആദ്യം പരാതി നല്‍കിയില്ല. പിന്നീട് പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടക്കുകയും കേസ് റജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് അട്ടിമറി ഉണ്ടായത്. തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണം പരാതിക്കാരനെ പ്രതിയാക്കുന്ന തരത്തിലായിരുന്നു. പരാതിക്കാരന്‍ കളവ് പറഞ്ഞു കേസെടുപ്പിച്ചുവെന്ന അന്തിമ റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ നല്‍കിയത്. നഗരത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചാണ് വാദിയെ പ്രതിയാക്കി മാറ്റിയത്.
Post Your Comments