Kerala

വ്യാജ തൊഴില്‍പരസ്യം : വെബ്‌സൈറ്റിനെതിരെ കേസ്

കൊച്ചി● കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റിഡില്‍ 200 ഒഴിവുകളുണ്ടെന്ന് കാണിച്ച് വ്യാജ പരസ്യം നല്‍കിയ സ്വകാര്യ വെബ്‌സൈറ്റിനെതിരെ സിയാലിന്റെ പരാതിപ്രകാരം നെടുമ്പാശ്ശേരി പോലീസ് കേസ്സെടുത്തു. കരിയര്‍കേരള.കോം എന്ന വെബ്‌സൈറ്റിനും ഉടമ കൊല്ലം കടക്കല്‍ ചിതറ ഉനൈസ് മന്‍സിലില്‍ ഉനൈസിനെതിരേ(26)യും ഐ.ടി.ആക്ട് പ്രകാരമാണ് കേസ്സെടുത്തത്. വഞ്ചനാകുറ്റത്തിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിയാലില്‍ വിവിധ തസ്തികകളില്‍ 200 ഒഴിവുകളുണ്ടെന്നും നിശ്ചിത യോഗ്യതയുള്ളവര്‍ കരിയര്‍കേരള.കോം നടത്തിപ്പുകാരുമായി ബന്ധപ്പെടണമെന്നും കാണിച്ചാണ് വെബ്‌സൈറ്റില്‍ വ്യാജപ്പരസ്യം വന്നത്.

സിയാലിലെ റിക്രൂട്ട്‌മെന്റ്, കമ്പനി നേരിട്ടാണ് നടത്തുന്നത്. ഇതുസംബന്ധിച്ച് പരസ്യം ചെയ്യാനോ മറ്റ് നിയമന പ്രക്രീയകള്‍ നടത്താനോ ഒരു ഏജന്‍സിയേയോ വെബ്‌സൈറ്റിനേയോ ചുമതലപ്പെടുത്തിയിട്ടില്ല.  കാലാകാലങ്ങളിലുണ്ടാകുന്ന ഒഴിവുകള്‍ സിയാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cial.aeroയില്‍ പ്രസിദ്ധീകരിക്കുകയും ഓണ്‍ലൈന്‍ മുഖാന്തിരം അപേക്ഷകരെ തിരഞ്ഞെടുത്ത് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തുകയും ചെയ്യും. നിലവില്‍ സിയാലില്‍ ഒഴിവുകളില്ല. ഈ സാഹചര്യത്തിലാണ് വെബ്‌സൈറ്റിനെതിരെ കമ്പനി പോലീസില്‍ പരാതി നല്‍കിയത്. ഐ.ടി.ആക്ട്-2008 സെക്ഷന്‍ 74 അനുസരിച്ച് രണ്ടുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഗൂഗിള്‍ ആഡ്സെന്‍സ് പരസ്യ വരുമാനം ലക്ഷ്യമിട്ട് ഇത്തരത്തില്‍ വ്യാജ തൊഴില്‍ പരസ്യങ്ങള്‍ പോസ്റ്റ്‌ ചെയ്ത് സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ അടുത്തിടെ സജീവമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button