ബാഗ്ദാദ്: മൊസൂളില്‍ ഇറാഖ് സൈന്യം മുന്നേറുന്നതായി റിപോർട്ടുകൾ. എന്നാൽ മൊസൂളിനു ചുറ്റുപാടുള്ള പ്രദേശങ്ങളില്‍ ഐഎസ് ഭീകരര്‍ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഇറാഖിലെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 180 പേരും ഉള്‍പ്പെടുന്നതായി യുഎന്‍ വക്താവ് രവിന ഷംദാസാനി പറഞ്ഞു.
ഇറാഖ് സൈന്യം സഖ്യസേനകളുമൊത്തു മുന്നേറ്റം തുടരുന്നതിനിടെ, വ്യോമാക്രമണങ്ങള്‍ക്കെതിരെ മനുഷ്യകവചമായി ഉപയോഗിക്കാന്‍ ഹമാം അല്‍ അലിലി പട്ടണത്തില്‍ നിന്ന് 1600 പേരെ ഐഎസ് ഭീകരര്‍ തല്‍ അഫാറില്‍ എത്തിച്ചിട്ടുണ്ട്. സിറിയയിലേക്കും കുറച്ചുപേരെ കൊണ്ടുപോയിരിക്കാമെന്നു കരുതുന്നു.
150 കുടുംബങ്ങളെ ബുധനാഴ്ച ഹമാം അല്‍ അലിലിയില്‍ നിന്നു മൊസൂളിലേക്കും കൊണ്ടുപോയിരുന്നു.
കൂടാതെ കുട്ടിപ്പോരാളികളായി ഉപയോഗിക്കാന്‍ ഹമാം അല്‍ അലിലിയില്‍ നിന്ന് ഒന്‍പതു വയസ്സിനു മുകളിലുള്ള ആണ്‍കുട്ടികളെ ഭീകരര്‍ കൊണ്ടുപോകുന്നുണ്ട്. കുട്ടികളെ കൈമാറണമെന്ന് ഇവിടത്തെ കുടുംബങ്ങളോടു ഭീകരര്‍ ആവശ്യപ്പെട്ടു. നാനൂറിലധികം കുര്‍ദിഷ്, യസീദി, ഷിയ സ്ത്രീകൾ ഐഎസ് ഭീകരരുടെ തടങ്കലിലാണ്. ഇരുനൂറോളം പേരെ മൊസൂള്‍ നഗരത്തില്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നു കരുതുന്നു. ഇതേസമയം, ഐഎസ് ഭീകരര്‍ നിയന്ത്രണം അവകാശപ്പെടുന്ന മൊസൂളിന്റെ ഉള്‍പ്രദേശങ്ങളിലേക്കും ഇറാഖ് സേന കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മൊസൂളിനോടു ചേര്‍ന്നുള്ള ആറു ജില്ലകള്‍ സേന പിടിച്ചെടുത്തു.
Post Your Comments