വാരാപ്പുഴ : നിരപരാധിയായ വൃദ്ധയെ പോലീസ് കള്ളിയെന്ന് മുദ്രകുത്തി. കടയുടമയുടെ പരാതിയില്‍ പോലീസ് പിടികൂടിയ വരാപ്പുഴ മണിയുടെ ഭാര്യ രാധ(70)യ്ക്കാണ് ദുരവസ്ഥയുണ്ടായത്. പോലീസ് കള്ളിയെന്ന് മുദ്രകുത്തിയതിനെ തുടര്‍ന്ന് വീട് വിറ്റ് തൊണ്ടി മുതല്‍ കൊടുത്ത വയോധിക ഒടുവില്‍ നിരപരാധി. വീട്ടു പണി ചെയ്ത് ഉപജീവനം നടത്തുന്ന രാധ ക്ഷീണം മൂലം പല സ്ഥലത്തും കടകളുടെ വരാന്തയിലും മറ്റും വിശ്രമിക്കുന്നത് പതിവാണ്. ഒരാഴ്ച മുന്‍പ് വരാപ്പുഴ ഡേവിസണ്‍ തിയറ്ററിന് സമീപമുള്ള ഇരുമ്പു കടയില്‍ വിശ്രമിച്ചു. എന്നാല്‍, വീട്ടിലെത്തിയപ്പോഴേക്കും അവിടെ നിന്ന് 37,000 രൂപ നഷ്ടപ്പെട്ടെന്ന കടയുടമയുടെ പരാതി പോലീസിന് ലഭിച്ചു.
മോഷ്ടിച്ച പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് രാധയുടെ അരികില്‍ എത്തി. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് ഇവര്‍ പറഞ്ഞെങ്കിലും പോലീസ് ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. ഇവര്‍ മോഷ്ടിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ പോലീസ് തയാറായില്ല. തുടര്‍ന്ന് നിവൃത്തിയില്ലാതെ ഇവര്‍ തന്റെ വീട് ഉള്‍പ്പെടുന്ന രണ്ടു സെന്റ് വില്ക്കാന് കരാര്‍ എഴുതി. മുന്‍കൂര്‍ തുകയായി 50,000 രൂപ ലഭിച്ചു. ഇതില്‍ നിന്ന് കിട്ടിയ 37,000 രൂപ പോലീസ് കടയുടമയ്ക്ക് കൈമാറി. നാട്ടില്‍ അപമാനം ഉണ്ടാകാതിരിക്കാനാണ് ഇവര്‍ കിടപ്പാടം വിറ്റ് പണം നല്‍കിയത്.
തുടര്‍ന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ഒരു മോഷ്ടാവിനെ ചോദ്യം ചെയ്യുന്നതിനിടെ വരാപ്പുഴയിലെ ഒരു ഇരുമ്പുകടയില്‍ നിന്നും പണം മോഷ്ടിച്ചതായി പോലീസിനോട് സമ്മതിക്കുകയായിരുന്നു. കാര്യം മനസ്സിലായ എസ്ഐയ്ക്കും പോലീസുകാര്‍ക്കും, കടയുടമയ്ക്കും മന:ക്ലേശം ഉണ്ടായി. തുടര്‍ന്ന് രാധയെ സ്റ്റേഷനില്‍ വിളിച്ച് മോഷ്ടിച്ചുവെന്ന് പറഞ്ഞ് വാങ്ങിയ പണം തിരികെ നല്കി.
Post Your Comments