
കൊച്ചി : ഒന്നര കോടി രൂപയുടെ ജിപ്സം അഴിമതി കേസിൽ കുടുങ്ങിയ ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജയ്‌വീർ ശ്രീവാസ്തവയെ കേന്ദ്ര സർക്കാർ പുറത്താക്കി. ഇന്നലെ അർദ്ധ രാത്രിയാണ് ജയ്‌വീർ ശ്രീവാസ്തവയെ പുറത്താക്കിയത്. പുതിയ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി എ.ബി. ഖരേ ഉടൻ ചുമതലയേറ്റു. തമിഴ്നാട്ടിലെ മദ്രാസ് ഫെർട്ടിലൈസേഴ്സിന്റെ സി.എം.ഡി കൂടിയായ എ.ബി. ഖരേയെ ഫാക്ടിന്റെ പുതിയ സി.എം.ഡിയായി നിയമിക്കുകയായിരുന്നു. പുലർച്ചെ കൊച്ചിയിൽ ഫാക്ട് ആസ്ഥാനത്തെത്തി ചുമതലയേറ്റ അദ്ദേഹം ഉടൻ തന്നെ ഡൽഹിക്ക് പോയി. ഡൽഹിയിൽ ചേരുന്ന ഫാക്ട് ഡയറക്ടർ ബോർഡ് യോഗം ജിപ്സം അഴിമതിക്കേസിൽ പ്രതികളായ മറ്റു നാലു പേർക്കെതിരെ നടപടി തീരുമാനിക്കും.
പൊതുമേഖലാ വളം നിർമ്മാണശാലയായ ഫാക്ട് മൂന്നു പതിറ്റാണ്ടുകളായി പ്രതിസന്ധി നേരിടുകയാണെങ്കിലും ഉന്നതതലങ്ങളിൽ അഴിമിതിയും ക്രമക്കേടും പതിവാണ്. കൊച്ചിയിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഫാക്ടുമായി ബന്ധപ്പെട്ട 17 ഇടപാടുകൾ സംബന്ധിച്ച് കേന്ദ്ര വിജിലൻസിന് പരാതികൾ ലഭിച്ചിട്ടുണ്ട്.
ഫാക്ടിൽ വളം നിർമ്മിക്കുമ്പോൾ ലഭിക്കുന്ന ഉപോല്പന്നമായ ജിപ്സം വില കുറച്ച് വിൽക്കാൻ കരാറുണ്ടാക്കി ഒന്നര കോടി രൂപ നഷ്ടമുണ്ടാക്കിയ കേസിൽ ജയ്‌വീർ ഒന്നാം പ്രതിയാണ്. ഹൈദരാബാദിലെ സ്വകാര്യ കമ്പനിയായ എൻ.എസ്.എസ് ട്രേഡിംഗ് എന്ന സ്ഥാപനത്തിന് കിലോയ്ക്ക് 130 രൂപ വിലയ്ക്ക് ജിപ്സം വിൽക്കാനാണ് കരാറുണ്ടാക്കിയത്. 300 മുതൽ 600 രൂപ വരെ വിലയ്ക്കാണ് മുമ്പ് ജിപ്സം വിറ്റിരുന്നത്. ഒരു കമ്പനിക്ക് മാത്രമായി ജിപ്സം വിൽപ്പന ചുരുക്കുകയും ചെയ്തു. ഇതോടെ കരാർ ലഭിച്ച കമ്പനി ഉയർന്ന വിലയ്ക്കാണ് ജിപ്സം സിമന്റ് കമ്പനികൾക്ക് ഉൾപ്പെടെ വിറ്റത്.
സി ബി ഐ അന്വേഷിക്കുന്ന കേസില്‍ ചീഫ് ജനറൽ മാനേജർമാരായ ഐ.എസ്. അംബിക, ശ്രീനാഥ് വി. കമ്മത്ത്, ഡപ്യൂട്ടി ജനറൽ മാനേജർമാരായ പഞ്ചമൽ പോഡർ, ഡാനിയേൽ മധുക്കർ എന്നിവരാണ് മറ്റു പ്രതികൾ. ഇവരെ സസ്പെന്‍ഡ് ചെയ്യാൻ രാസവളം മന്ത്രാലയം ഉടന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
Post Your Comments