ഡൽഹി: പാര്‍ലമെന്റംഗങ്ങളുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇതോടെ എം.പിമാരുടെ ശമ്പളം മാത്രം പ്രതിമാസം ഒരു ലക്ഷം രൂപയായി ഉയരും. നിലവില്‍ എം.പിമാരുടെ ശമ്പളം 50,000 രൂപയാണ്. ശമ്പളത്തിന് പുറമെ മണ്ഡല അലവന്‍സ് ഇനത്തില്‍ 45,000 രൂപയും ലഭിക്കും. ശമ്പളം വര്‍ധിക്കുന്നതോടെ മണ്ഡല അലവന്‍സ് 90,000 രൂപയാവും. മറ്റ് അലവന്‍സുകള്‍ കൂടി ചേരുമ്പോൾ ആകെ 2.5 ലക്ഷമായിരിക്കും പാര്‍ലമെന്റംഗങ്ങളുടെ ശമ്പളം. നിലവില്‍ ഇത് 1.4 ലക്ഷമാണ്.
അംഗങ്ങളുടെ ശമ്പള വര്‍ധനവിന് ശുപാര്‍ശ ചെയ്തുകൊണ്ട് ബി.ജെ.പി അംഗം യോഗി ആദിത്യനാഥ് അധ്യക്ഷനായ പാര്‍ലമെന്റംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച സംയുക്ത സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്.
മുന്‍ എം.പിമാരുടെ പെന്‍ഷന്‍ 20,000 രൂപയില്‍ നിന്ന് 35,000 ആക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എം.പിമാര്‍ക്ക് ഔദ്യോഗിക വസതിയില്‍ ഫര്‍ണിച്ചര്‍ വാങ്ങാന്‍ പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപ, മണ്ഡലത്തിലെ ഔദ്യോഗിക വസതിയില്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇനത്തില്‍ മാസം 1,700 രൂപ എന്നിവയും ലഭിക്കും. ആറു വര്‍ഷത്തിനു ശേഷമാണ് എം.പിമാര്‍ക്കു ശമ്പളവർധന ഉണ്ടാവുന്നത്.
ഇതോടൊപ്പം രാഷ്ട്രപതിയുടെ ശമ്പളം 1.5 ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കാനും ഗവര്‍ണറുടെ ശമ്പളം 1.10 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമാക്കാനും ധാരണയുണ്ട്. നിലവില്‍ കാബിനറ്റ് സെക്രട്ടറി 2.5 ലക്ഷം രൂപയാണ് പ്രതിമാസം ശമ്പളമായി വാങ്ങുന്നത്.
Post Your Comments