മൊസൂള്‍ : ഇറാഖി ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി ഐ.എസിന്റെ ശക്തി കേന്ദ്രമായ മൊസൂളിലേയ്ക്ക് ഇറാഖി സേന പ്രവേശിച്ചു. രണ്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് മൊസൂളിലേയ്ക്ക് ഇറാഖിസേനയ്ക്ക് പ്രവേശിക്കാനായത്.. മൊസൂളിന്റെ പ്രാന്ത പ്രദേശത്ത് ചൊവ്വാഴ്ച തന്നെയെത്തിയ ഇറാഖിസേന ഐ.എസ് തീവ്രവാദികളുടെ പ്രതിരോധത്തെ തച്ചുടച്ച് മുന്‍പോട്ട് നീങ്ങുകയാണ്. ഇറാഖി സൈന്യം നഗരം പൂര്‍ണ്ണമായും പിടിച്ചടക്കും മുമ്പേ തന്നെ നഗരത്തില്‍ അവശേഷിക്കുന്നവര്‍ വിജയാഹ്ലാദത്തിലാണ്
മൊസൂളിന്റെ കിഴക്കന്‍ ഭാഗത്ത് ഗോള്‍ഡന്‍ ബ്രിഡ്ജ് പാലം പിടിക്കാന്‍ ഐ.എസുമായി ഇറാഖി സേനയ്ക്ക് തെരുവ് യുദ്ധം തന്നെ നടത്തേണ്ടി വന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇതാദ്യമാണ് മൊസൂള്‍ നഗരത്തില്‍ ഇറാഖിസേന കാലു കുത്തുന്നത്. അതേസമയം നഗരത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള ദുഷ്‌ക്കരമായ ഒരു യുദ്ധം വേണ്ടി വരുന്നതിനാല്‍ നഗരം പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാന്‍ ഇനിയും സമയം ഏറെ വേണ്ടി വരുമെന്നാണ് സൂചനകള്‍.
മൊസൂള്‍ കൂടി നഷ്ടമാകുന്നതോടെ ഇറാഖില്‍ ഐ.എസിന്റെ അവസാന പിടിയും അയയുകയാണ്. 2014 ല്‍ ഇറാഖി സൈന്യത്തില്‍ നിന്നും പിടിച്ചെടുത്ത ഐ.എസ് അതിനെ ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചിരുന്നു. ഇവിടെ നിന്നുമാണ് സിറിയയിലേക്ക് കടന്നത്. എന്നിരുന്നാലും ആറു മൈലുകള്‍ കൂടി ഇറാഖി സൈന്യത്തിന് താണ്ടേണ്ടതുണ്ട്. കിഴക്കന്‍ മൊസൂള്‍ ഗ്രാമമായ ബസ്‌വായയിലെ ഗോഗ്ജാലിയില്‍ കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ പുക ഉയരുന്നത് കണ്ടിരുന്നു. ഇവിടെ കനത്ത സ്‌ഫോടനങ്ങളും വെടിവെയ്പ്പുമാണ് നടന്നത്.
ഇറാഖിസൈന്യം നഗരം പിടിച്ചെടുക്കുന്നതിന് മുന്നോടിയായി കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഇറാഖിന്റെ പതാക ഉയര്‍ന്നു തുടങ്ങി. ചിലര്‍ വീടിന് പുറത്ത് നില്‍ക്കുന്നതും കുട്ടികളും മുതിര്‍ന്നവരും വിജയ മുദ്ര പ്രകടിപ്പിക്കുകയും ചെയ്തു. ഇവിടെ നിന്നും നൂറു കണക്കിന് കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ഇനിയും ഇസ്‌ലാമിക് സ്‌റ്റേറ്റിന് 3000 മുതല്‍ 5000 പേര്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും പ്രതിരോധത്തില്‍ 1500 മുതല്‍ 2000 തീവ്രവാദികള്‍ വരെയേ ഉണ്ടാകൂ എന്നുമാണ് അമേരിക്കന്‍ സൈന്യം കണക്കുകൂട്ടുന്നത്.
അന്‍പതിനായിരത്തില്‍പരം വരുന്ന ഇറാഖ് സേനയും, കുര്‍ദ്ദ് പോരാളികളും യുഎസ് സേനയ്‌ക്കൊപ്പം നിന്നാണ് ഐഎസിനെ ഇറാഖില്‍ നിന്ന് തുരത്താനുള്ള യുദ്ധം രണ്ടാഴ്ചയായി തുടരുന്നത്. മൊസൂളില്‍ എത്തുന്നതിനു തൊട്ടു മുന്‍പുള്ള ഗ്രാമം ഐഎസില്‍ നിന്ന് സേന തിരിച്ചുപിടിച്ചു. 4000 മുതല്‍ 7000 വരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ മൊസൂള്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഉണ്ടെന്നാണ് കണക്ക്. നഗരത്തിന് സമീപത്തെ സുപ്രധാന ഗ്രാമങ്ങളിലൊന്നായ ഗോഗ്ജാലിയും സഖ്യസേന പിടിച്ചെടുത്തു. ഇവിടുത്തെ ടെലിവിഷന്‍ സ്റ്റേഷന്റെ നിയന്ത്രണവും സഖ്യസേന കൈയടക്കി.
സഖ്യസേന മൊസൂളിന്റെ ഇടത്തേ തീരമായ ജൂദായ്ദറ്റ് അല്‍മുഫ്തിയില്‍ പ്രവേശിച്ചതായി മുതിര്‍ന്ന സഖ്യസേനാ കമാന്‍ഡര്‍ അറിയിച്ചു. നഗരമധ്യത്തിലൂടെ ഒഴുകുന്ന ടൈഗ്രിസ് നദിയാണ് മൊസൂളിനെ രണ്ടു ഭാഗങ്ങളാക്കി വേര്‍തിരിക്കുന്നത്. ഇതില്‍ പശ്ചിമ നഗരഭാഗമാണ് ഇടത്തേ തീരമായി അറിയപ്പെടുന്നത്. നഗരത്തിന്റെ ദക്ഷിണപശ്ചിമ ഭാഗമാണ് ജൂദായ്ദറ്റ് അല്‍മുഫ്തി.
ഭീകരര്‍ക്ക് പുറത്ത് കടക്കാനുള്ള മാര്‍ഗങ്ങളെല്ലാം സഖ്യസേന അടച്ചു. ചെറുത്തുനില്‍ക്കുകയോ കീഴടങ്ങുകയോ മാത്രമാണ് ഇപ്പോള്‍ ഭീകരര്‍ക്കു മുന്നിലുള്ള പോംവഴി. 2014 ജൂലൈയിലാണ് ഇറാഖ് സൈന്യത്തെ തുരത്തി ഐഎസ് ഭീകരര്‍ നഗരം പിടിച്ചടക്കിയത്. സിറിയയിലെ റാഖ കഴിഞ്ഞാല്‍ ഐഎസിന്റെ രണ്ടാമത്തെ ശക്തികേന്ദ്രമാണ് ഇറാഖിലെ മൊസൂള്‍ നഗരം.
Post Your Comments