മൊസൂള്‍; ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ശക്തികേന്ദ്രമായ ഇറാഖിലെ മൊസൂള്‍ നഗരം തിരിച്ചുപിടിക്കാനുള്ള സഖ്യസേനയുടെ പോരാട്ടം ശക്തമാക്കി.ഇതിനിടെ സഖ്യസേന നഗരത്തിലേക്ക് പ്രവേശിക്കുന്നതു തടയാന്‍ നഗര കവാടങ്ങളില്‍ ഐഎസ് ഭീകരര്‍ വന്‍പ്രതിരോധ സന്നാഹങ്ങള്‍ ഒരുക്കിയിരിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു.നഗരത്തിലെ തന്ത്രപ്രധാനമായ നിരത്തുകളെല്ലാം തന്നെ ഭീകരര്‍ അടച്ചു.സംഘടനയുടെ ആള്‍ബലം കുറഞ്ഞുതുടങ്ങിയതോടെ 10 വയസിനു താഴെയുള്ള കൊച്ചുകുട്ടികളെപ്പോലും യുദ്ധമുഖത്തേക്ക് നിയോഗിക്കുകയാണ് ഐഎസ്.
കുട്ടിപ്പോരാളികളായി ഉപയോഗിക്കാന്‍ ഹമാം അല്‍ അലിലിയില്‍ നിന്ന് ഒന്‍പതു വയസ്സിനു മേലെയുള്ള ആണ്‍കുട്ടികളെ കൈമാറണമെന്ന് ഇവിടത്തെ കുടുംബങ്ങളോടു ഭീകരര്‍ ആവശ്യപ്പെട്ടു.സഖ്യസേന നടത്തുന്ന തിരിച്ചടിയെ തുടര്‍ന്ന് ഭീകരര്‍ നഗരത്തിലെങ്ങും കൂട്ടക്കൊലകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ ശക്തികേന്ദ്രമായ മൊസൂളിനു ചുറ്റുപാടുള്ള പ്രദേശങ്ങളില്‍ ഐഎസ് ഭീകരര്‍ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തി. എണ്ണപ്പാടങ്ങള്‍ക്ക് തീയിട്ട് വന്‍ അഗ്നിഗോളവും ക്രമാതീതമായ തോതില്‍ പുകയും സൃഷ്ടിച്ച് സഖ്യസേനയുടെ മുന്നേറ്റം തടയാനുള്ള ശ്രമവും ഐഎസ് ഭീകരര്‍ നടത്തുന്നുണ്ട്.
നഗരത്തിലേക്ക് പ്രവേശിക്കുന്ന ചിലയിടങ്ങളില്‍ വന്‍ ഗര്‍ത്തങ്ങളാണ് ഭീകരര്‍ ഒരുക്കിയിരിക്കുന്നതെന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.ഐഎസ് ഭീകരര്‍ നിയന്ത്രണം അവകാശപ്പെടുന്ന മൊസൂളിന്റെ ഉള്‍പ്രദേശങ്ങളിലേക്കും ഇറാഖ് സേന കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മൊസൂളിനോടു ചേര്‍ന്നുള്ള ആറു ജില്ലകള്‍ സേന പിടിച്ചെടുത്തു. നാനൂറിലധികം കുര്‍ദിഷ്, യസീദി, ഷിയ സ്ത്രീകളെ ഐഎസ് ഭീകരര്‍ തടങ്കലില്‍ വച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങള്‍ക്ക് ഭീകരര്‍ തീയിട്ടതോടെ ശുദ്ധജലക്ഷാമവും പുകയും കാരണം അവിടെയുള്ളവർ ബുദ്ധിമുട്ടുകയാണ്.
Post Your Comments