ഭുവനേശ്വര്‍ : പുരാണങ്ങളില്‍ പറയുന്ന നദിയായ ചന്ദ്രഭാഗ ഒഡീഷയിലെ ലോകപ്രശസ്തമായ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന് സമീപം ഒഴുകിയിരുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഖരഗ്പൂര്‍ ഐടിഐയിലെ ഭൗമ, സാമൂഹ്യ ശാസ്ത്രജ്ഞര്‍ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് പുരാതന നദി ഒരിക്കല്‍ ഇവിടം ഫലഭൂയിഷ്ടമാക്കിയതായി തെളിഞ്ഞത്. ഭൂമിയില്‍ എത്ര ഗവേഷണം നടത്തിയാലും ഇത് കണ്ടെത്തുക എളുപ്പമല്ലെന്ന് ഭൗമോര്‍ജ്ജതന്ത്ര പ്രൊഫസര്‍ വില്യം കുമാര്‍ മൊഹന്തി പറഞ്ഞു.
13-ാം നൂറ്റാണ്ടില്‍ നരസിംഹദേവ മഹാരാജാവ് നിര്‍മ്മിച്ചതാണ് കൊണാര്‍ക്ക് ക്ഷേത്രം. അപ്രത്യക്ഷമായ നദി ഒരിക്കല്‍ ഒഴുകിയിരുന്ന വഴി ഉപഗ്രഹചിത്രങ്ങളില്‍ നിന്നാണ് ലഭിച്ചത്. ക്ഷേത്രത്തിന് സമീപത്ത് ഇപ്പോള്‍ നദിയില്ലെങ്കിലും പുരാതന സാഹിത്യങ്ങളിലും എഴുത്തോലകളിലുമുള്ള ചിത്രങ്ങളിലും ഇവിടെ നദിയുണ്ടായിരുന്നതായി കാണിക്കുന്നു. ചിലയിടങ്ങളില്‍ ചതുപ്പുഭാഗങ്ങളും കാണാം. പഴയനദിയുടെ പാലിയോചാനല്‍ കഡ്വ നദിയുടെ കരയിലുള്ള തികര്‍പാദ ഗ്രാമം വരെയെത്തുന്നു. ഗൂഗിള്‍ എര്‍ത്തിന്റെ ഭൂപടത്തിലും നദി ഒഴുകിയിരുന്നതിന്റെ സൂചന കാണാം. എക്കല്‍ മണ്ണ് നിറഞ്ഞ് മൂടിയതിന്റെ സൂചനകളാണ് മിക്ക ചിത്രങ്ങളിലും.
നദി ഒഴുകിയിരുന്നതെന്ന് കരുതുന്ന ഒരു സ്ഥലത്ത് ചെറിയ തടാകം പോലുള്ള ഭാഗം സര്‍ക്കാര്‍ സംരക്ഷിച്ചിട്ടുണ്ട്. ഇവിടെയാണ് മാഘ സപ്തമി ഉത്സവകാലത്ത് ജനങ്ങള്‍ മുങ്ങിക്കുളിക്കുന്നത്. കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ വടക്കുവശത്താണ് പാലിയോചാനല്‍ കണ്ടെത്തിയത്. നദിയില്‍ നിന്നുള്ള എക്കലടിഞ്ഞു കയറിയ ഭാഗത്തിന് അഭിമുഖമായിട്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments