മുംബൈ● ടൈംസ് നൗ, ഇ.ടി നൗ ചാനലുകളികളുടെ എഡിറ്റര്‍-ഇന്‍-ചീഫ് ചുമതലയില്‍ രാജിവച്ച അര്‍ണാബ് ഗോസ്വാമി ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറും ആഗോള മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കുമായി ചേര്‍ന്ന് പുതിയ ചാനല്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ പത്തുവര്‍ഷമായി ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ടൈംസ് നൗ, ഇ ടിവി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുമായ അര്‍ണാബ് ഗോസ്വാമി ഇന്നലെയാണ് രാജിപ്രഖ്യാപനം നടത്തിയത്. ഒരാഴ്ചയിലേറെയായി നിലനിന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്നലെ മുംബൈയില്‍ നടന്ന എഡിറ്റോറിയല്‍ യോഗത്തില്‍ വച്ചാണ് അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. ടൈംസ് നൗവില്‍ രാത്രി 9 ന് സംപ്രേക്ഷണം ചെയ്തിരുന്ന അര്‍ണാബിന്റെ ന്യൂസ് അവര്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ച പരിപാടിയായിരുന്നു.
രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പുതിയ മാധ്യമസംരംഭം തുടങ്ങിയേക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്. ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജീവ് ചന്ദ്രശേഖറും ആഗോള മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കുമായി ചേര്‍ന്നായിരിക്കും പുതിയ മാധ്യമമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ഏഷ്യനെറ്റ് ന്യൂസ് ഒഴികെയുള്ള ഏഷ്യാനെറ്റ് ചാനലുകള്‍ മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലും 25 ശതമാനം ഓഹരി മര്‍ഡോക്കിനുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ബംഗലൂരുവിലെ ജൂപ്പിറ്റര്‍ ക്യാപ്പിറ്റലിന് കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ്. കന്നഡ വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസബിള്‍ എന്നിവയും ജൂപ്പിറ്റര്‍ ക്യാപിറ്റലിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
കൊല്‍ക്കത്തയിലെ ദി ടെലഗ്രാഫ് പത്രത്തിലൂടെയാണ് അര്‍ണാബ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. പിന്നീട് 1995 ല്‍ എന്‍.ഡി.ടി.വിയില്‍ ചേക്കേറിയ അദ്ദേഹം വിക്രം ചന്ദ്ര, ബര്‍ഖ ദത്ത്, രാജ്ദീപ് സര്‍ദേശായി എന്നിവരോടൊപ്പം പരിചിതമുഖമായി മാറി. തുടര്‍ന്നാണ് ടൈംസില്‍ എത്തുന്നത്. രാജിപ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പ്രതികരണങ്ങളും ട്വീറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
Post Your Comments