സാന്റഫ്രാന്‍സിസ്‌കോ : സൈബര്‍ ആക്രമണം നടത്തിയ കേസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ അറസ്റ്റില്‍. അരിസോണയിലെ എമര്‍ജന്‍സി സര്‍വ്വീസിന്റെ 911 സംവിധാനം വ്യാജകോളുകള്‍ ഉപയോഗിച്ച് തടസ്സപ്പെടുത്തിയതിനാണ് 18കാരനായ മീത് കുമാര്‍ ഹിതേഷ് ഭായി ദേശായി അറസ്റ്റിലായത്. ഓണ്‍ലൈന്‍ സുഹൃത്തിന്റെ സഹായത്തോടെ സുരക്ഷാ വീഴ്ച മുതലെടുത്താണ് സൈബര്‍ ആക്രമണം നടത്തിയതെന്ന് ദേശായി പൊലീസിനോട് വെളിപ്പെടുത്തി.
മാരിക്കോപ്പ കൗണ്ടി ഷെരീഫിന്റെ ഓഫീസാണ് സൈബര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ 18 കാരനെ അറസ്റ്റ് ചെയ്തത്. കേസില്‍ ദേശായിയെ മാരിക്കോപ്പ കൗണ്ടി ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട്. പ്രോഗ്രാമിംഗില്‍ താല്‍പ്പര്യമുള്ള ദേശായി സുരക്ഷാ വീഴ്ചകള്‍ വൈറസുകള്‍ എന്നിവ കണ്ടെത്തുന്നതിലും കഴിവ് തെളിയിച്ചിട്ടുണ്ട്. നേരത്തെ സോഫ്റ്റ് വെയര്‍ കമ്പനിയായ ആപ്പിള്‍ ഇന്‍കിന്റെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചതിന് പാരിതോഷികം ലഭിച്ചിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദേശായിയുടെ വീട്ടിലും ഫോറന്‍സിക് സംഘം പരിശോധന നടത്തും. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു ലിങ്കില്‍ നിന്ന് കോള്‍ ട്രേസ് ചെയ്തതാണ് അന്വേഷണ സംഘത്തിന് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് സഹായിച്ചത്. പിയോറിയ പൊലീസിനും മുഴുനീള ഫോണ്‍കോളുകള്‍ ലഭിച്ചതായി വ്യക്തമായിട്ടുണ്ട്.
Post Your Comments