NewsInternational

പോരാട്ടം അന്തിമഘട്ടത്തിലേക്ക് : ഹിലരിയ്ക്ക് കാലിടറുന്നു

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് എട്ടുദിവസം മാത്രം നിലനിൽക്കെ, സ്വകാര്യ ഇ-മെയില്‍ വിവാദത്തില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനു കാലിടറുന്നു. പൊതുജനങ്ങളില്‍നിന്നു തന്റെ ‘ക്രിമിനല്‍ പ്രവൃത്തി’ വെളിപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് ഹിലറി നിയമവിരുദ്ധ ഇ-മെയില്‍ സെര്‍വര്‍ ഉപയോഗിച്ചിരുന്നതെന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.

ഹിലരി ഇത് ചെയ്തത് ദേശസുരക്ഷയെ അപകടത്തിലാക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നും മാത്രമല്ല കുറ്റകൃത്യം ഒളിപ്പിക്കാനായി ഹിലരി 33,000 ഇ-മെയിലുകള്‍ നശിപ്പിച്ചതായും ട്രംപ് ആരോപിച്ചു. ഹിലരി 13 ഫോണുകളാണ് തെളിവുകള്‍ നശിപ്പിക്കാനായി ഇല്ലാതാക്കിയത്. യുഎസ് കോണ്‍ഗ്രസില്‍ അവര്‍ നുണ പറഞ്ഞു. പലവട്ടം എഫ്ബിഐയോടും നുണ പറഞ്ഞു. വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ ഭരണതല അഴിമതികളെയും വെളിച്ചത്തുകൊണ്ടുവന്നു. ഹിലരിയുടെ അഴിമതി തടയാനുള്ള അവസാന വഴിയാണ് അവര്‍ക്കെതിരെയുള്ള വോട്ട് എന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നെവാഡയിലെ തിരഞ്ഞെടുപ്പു റാലിയില്‍ പറഞ്ഞു.

അതേസമയം, എഫ്ബിഐയ്ക്കു സ്വകാര്യ ഇ-മെയില്‍ സെര്‍വര്‍ കേസുമായി ബന്ധപ്പെട്ടു പുതിയതായി കണ്ടെത്തിയ ഇ-മെയിലുകള്‍ പരിശോധിക്കാനുള്ള നിയമാനുമതി ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് ഹിലരി ക്ലിന്റന്റെ ദീര്‍ഘകാല സഹായിയായ ഹുമ ആബദീനിന്റെ ഇ-മെയിലുകളാണു എഫ്ബിഐ പരിശോധിക്കുക. ഇവയില്‍ അതീവ രഹസ്യസ്വഭാവമുള്ള (ക്ലാസിഫൈഡ്) വിവരങ്ങള്‍ ഉണ്ടോയെന്നും അവ കൈകാര്യം ചെയ്തതു ശരിയായ രീതിയിലാണോ എന്നുമാണ് അന്വേഷണ സംഘം പരിശോധിക്കുക.
സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്തു സ്വകാര്യ ഇ-മെയില്‍ സെര്‍വര്‍ ഉപയോഗിച്ചെന്ന കേസില്‍ ഹിലരിയെ കുറ്റവിമുക്തയാക്കിയാണു കഴിഞ്ഞ ജൂലൈയില്‍ അന്വേഷണം അവസാനിപ്പിച്ചത്. എന്നാല്‍, ഹുമയുടെ അകന്നുകഴിയുന്ന ഭര്‍ത്താവും യുഎസ് കോണ്‍ഗ്രസ് മുന്‍ അംഗവുമായ ആന്റണി വെയ്നര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെയാണു ഹിലരിക്കെതിരെ തെളിവായേക്കുന്ന ഇ-മെയിലുകള്‍ അപ്രതീക്ഷിതമായി ലഭിച്ചത്.
ഇതേത്തുടര്‍ന്ന് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി പുനരന്വേഷണത്തിനായി യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ഹുമയുടെ ലാപ്ടോപ്പില്‍ ആറു ലക്ഷത്തിലേറെ ഇ-മെയിലുകളുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇതേ ലാപ്ടോപ്പില്‍നിന്നാണു വെയ്നര്‍ പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button