കൊച്ചി : സോളാര്‍ പണം തട്ടിപ്പ് കേസില്‍ ബെംഗളൂരു കോടതിയില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് എതിരായി വിധി പുറത്തു വന്നതോടെ അദ്ദേഹത്തിന്റെ എംഎല്‍എ സ്ഥാനത്തിന് ഭീഷണി ഉയരുന്നതായി സൂചന. സോളാര്‍ തട്ടിപ്പു കേസില്‍ വിധി വന്നതോടെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും ശക്തമായെങ്കിലും വിധിയില്‍ കഴമ്പില്ലെന്ന വാദത്തോടെ എംഎല്‍എ സ്ഥനത്ത് തുടരുകയാണ് ഉമ്മന്‍ ചാണ്ടി.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടകേസില്‍ ഉമ്മന്‍ചാണ്ടിയടക്കം ആറു പ്രതികള്‍ക്കെതിരെ ബെംഗളൂരുവിലെ വിചാരണക്കോടതി 1,60,85,700 രൂപ പരാതിക്കാരന് നല്‍കണമെന്ന ഉത്തരവ് പുറത്തു വരികയും, ബെംഗളൂരു ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോര്‍ട്ട് 66ല്‍ 2016 ഏപ്രില്‍ 23ന് ഉമ്മന്‍ചാണ്ടി വക്കാലത്ത് നല്‍കിയതായി കോടതി രേഖകളില്‍ നിന്നും വ്യക്തമാകുന്നതും ആണ് പുതിയ വിവാദത്തിനു തിരികൊളുത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയുളള കേസുകള്‍ വിഎസ് അച്യുതാനന്ദന്‍ എണ്ണിയെണ്ണിപ്പറഞ്ഞിരുന്നു. സത്യവാങ്മൂലം പുറത്തുവന്നതോടെ ഉമ്മന്‍ചാണ്ടി നടത്തിയ കബളിപ്പിക്കല്‍ വിവാദമായിരിക്കുകയാണ്. ഏപ്രില്‍ 28ന് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ രാജ്യത്തെവിടെയും തന്റെപേരില്‍ കേസില്ലെന്ന് സത്യവാങ്മൂലം നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം, ഏപ്രില്‍ 29ന് പുതുപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ പള്ളിക്കത്തോട് ബ്ലോക്ക് ഓഫീസില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ഒരു കേസും നിലവിലില്ലെന്നാണ് രേഖപ്പെടുത്തിയത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എക്‌സ്പാര്‍ട്ടി വിധിക്കെതിരെ ഉമ്മന്‍ചാണ്ടി നല്‍കിയ വക്കാലത്ത് പുറത്തുവന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷനിലും, കോടതിയിലും നല്‍കിയത് തെറ്റായ വിവരങ്ങളാണെന്നു ബോധ്യമാണ്.
Post Your Comments