Gulf

കുവൈറ്റില്‍ ഗതാഗത നിയമം ലംഘിച്ച വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റുകള്‍ കണ്ടുകെട്ടുന്നു

കുവൈറ്റ് : കുവൈറ്റില്‍ ഗതാഗത നിയമം ലംഘിച്ച വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് കണ്ടുകെട്ടാന്‍ തുടങ്ങി. രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ശിക്ഷ കടുപ്പിക്കുന്നത്. റോഡുകളില്‍ സുഖമമായ യാത്രാ നീക്കത്തിന് തടസ്സമാകുന്ന വാഹനങ്ങള്‍ക്കെതിരെ നിയമലംഘനത്തിന് കേസ് ചാര്‍ജ് ചെയ്യുകയും ലൈസന്‍സും നമ്പര്‍ പ്ലേറ്റും പിടികൂടി കൊണ്ടുപോകുകയുമാണ് ചെയ്യുക.

പിടികൂടിയ വാഹനത്തിന്റെ ഗ്ലാസിന് മുകളില്‍ പിഴയടച്ച് നമ്പര്‍ പ്ലേറ്റ് തിരിച്ചുവാങ്ങാന്‍ ചെല്ലേണ്ട സ്ഥലം വ്യക്തമാക്കുന്ന സ്റ്റിക്കര്‍ പതിക്കും. നമ്പര്‍ പ്ലേറ്റില്ലാതെ വണ്ടിയോടിക്കുന്നത് അതിലും വലിയ കുറ്റമായതിനാല്‍ വാഹനമുടമയുടെ ചെലവില്‍ കെട്ടിവലിച്ച് കൊണ്ടുപോവേണ്ടി വരും. പ്രതിവര്‍ഷം 4.8 ശതമാനം വര്‍ധനയാണ് വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. 2015ല്‍ മാത്രം 87,796 വാഹനങ്ങളാണ് പുതുതായി നിരത്തിലിറങ്ങിയത്.

ആദ്യ ദിനം പിടിച്ചെടുത്തത് 197 നമ്പര്‍ പ്ലേറ്റുകളാണ്. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നും 50 നമ്പര്‍ പ്ലേറ്റുകളും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് 38 നമ്പര്‍ പ്ലേറ്റുകളും , ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് 40 നമ്പര്‍ പ്ലേറ്റുകളും, ജഹ്റ ഗവര്‍ണറേറ്റില്‍ നിന്ന് 20 നമ്പര്‍ പ്ലേറ്റുകളും, അഹ്മദയില്‍ നിന്ന് 20 എണ്ണവും മുബാരക് അല്‍ കബീറില്‍ നിന്നും 29 നമ്പര്‍ പ്ലേറ്റുകളുമാണ് പിടിച്ചെടുത്തത്. നിരവധി വാഹനങ്ങള്‍ ഒന്നിച്ച് ഓടുന്നതിനിടെ ഏതെങ്കിലും ഒരു വാഹനം പെട്ടെന്ന് നിര്‍ത്തുകയോ വേഗത കുറക്കുകയോ ചെയ്യുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുമെന്ന് വിലയിരുത്തിയാണ് ഇത്തരം നിയമ ലംഘനങ്ങള്‍ക്കു കടുത്ത ശിക്ഷ നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button