തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സൈബര്‍ കുറ്റാന്വേഷണ വിഭാഗം രൂപീകരിക്കുമെന്ന് മന്ത്രി ജി സുധാകരൻ നിയമസഭയിൽ പ്രസ്താവിച്ചു.സൈബര്‍ പൊലീസ് സ്റ്റേഷന് കെല്‍ട്രോണിന്റെ സഹായത്തോടെ സംസ്ഥാന അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പുറം കരാര്‍ കൊടുക്കുന്നുണ്ടെങ്കിലും രഹസ്യസ്വഭാവം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.
കുറ്റങ്ങള്‍ തടയാന്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ സൈബര്‍ഡോം നിലവിലുണ്ട്. ഐ.ടി വിദഗ്ദ്ധന്റെ സേവനം ആവശ്യമുണ്ടെങ്കില്‍ നിയമിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും.ജില്ലാതലങ്ങളില്‍ കൂടുതല്‍ സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ ആവശ്യമുണ്ടെങ്കില്‍ അക്കാര്യവും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ആര്‍ക്കും എന്തും ചെയ്യാമെന്നതു തടയുന്നതിനെക്കുറിച്ച് ആലോചിക്കും. 2014-16 കാലയളവില്‍ 1273 സൈബര്‍ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കും.സൈബര്‍ മേഖലയെ സംബന്ധിച്ചും സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ചും പുതിയ തലമുറയെ ബോദ്ധ്യപ്പെടുത്താന്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കും. മുഖ്യമന്ത്രിക്കുവേണ്ടിയാണ് ജി സുധാകരൻ ഇത് നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായി അറിയിച്ചത്.
Post Your Comments