ദുബായ്: അനധികൃത ഡ്രോണ്‍ വീണ്ടും ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. ഒരു മണിക്കൂറിലധികമാണ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. കൂടാതെ അനധികൃത ഡ്രോണിന്റെ കടന്ന് വരവ് കാരണം 22 ഓളം വിമാനങ്ങളെ വഴി തിരിച്ച് വിട്ടതായി ദുബായ് വിമാനത്താവള വക്താവ് അറിയിച്ചു.
ദുബായ് വിമാനത്തവളത്തിന് സമീപം ഇന്ന് വൈകുന്നേരം 7.15 ഓടെയാണ് ആളില്ലാ വിമാനമായ ഡ്രോണ്‍ വട്ടമിട്ട് പറന്നത്. വിമാനപാതയില്‍ പറക്കുകയായിരുന്ന ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറിലധികം നിര്‍ത്തി വെച്ചു. അന്വേഷണത്തില്‍ ആളില്ലാ വിമാനം അനധികൃതമായാണ് വിമാനത്താവളത്തിന് സമീപം പറന്നിരുന്നതെന്ന് കണ്ടെത്തി. അപകസാധ്യത ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. വിമാനത്താവള പരിസരത്ത് അനധികൃതമായി ഡ്രോണ്‍ പറത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുറച്ചു നാളുകൾക്കു മുൻപും അനധികൃത ഡ്രോണ്‍ ദുബായ് വിമാനത്താവളത്തിന് സമീപത്ത് കൂടി പറന്നതിനെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു. അനധികൃത ഡ്രോണുകളുടെ സാന്നിധ്യം ആവര്‍ത്തിച്ചതോടെയാണ് ഡ്രോണുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യുഎഇ തീരുമാനിച്ചിരുന്നത്. അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കും എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments