ലഖ്‌നൗ : ഉത്തർപ്രദേശ് കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലേക്ക്. കോൺഗ്രസ് വിട്ട റീത ബഹുഗുണ ജോഷിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് 17 നേതാക്കൾ പാർട്ടിയിൽ നിന്നും രാജി വെച്ചു. പാർട്ടി സെക്രട്ടറിമാർ, വൈസ് പ്രസിഡന്റ്മാർ, വനിതാ വിഭാഗം നേതാക്കൾ, വാർഡ് ലെവൽ നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് കോൺഗ്രസിൽ നിന്നും രാജി വെച്ചത്.
റീത ബഹുഗുണയെ പോലുള്ള ആദരണീയ വ്യക്തികളെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അധിക്ഷേപിക്കുന്നതിൽ നിരാശയുണ്ടെന്ന് കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി ഷബ്നം പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. വനിത നേതാക്കൾക്കെതിരെ സ്വീകരിക്കുന്ന ഇത്തരം നടപടികളെ ശക്തമായി അപലപിക്കേണ്ടതുണ്ട്. സംഭവത്തിൽ എല്ലാവര്ക്കും ദുഃഖമുണ്ടെന്നും, റീത ബഹുഗുണയെ പിൻതുണച് കൊണ്ടാണ് ഞങ്ങൾ രാജി വെക്കുന്നതെന്നും ഷബ്നം പറഞ്ഞു.
റീത ബഹുഗുണ ജോഷിയെ പിന്തുടർന്ന് ബിജെപിയിൽ അംഗത്വം നേടുന്ന കാര്യം തീരുമാനിച്ചിട്ടില്ലാ എന്നും ഷബ്നം പറഞ്ഞു. കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ എന്നിവരാണ് തന്റെ രാജിക്ക് കാരണമെന്നു റീത ബഹുഗുണ ജോഷി വ്യക്തമാക്കി. പാർട്ടി വിട്ട ജോഷി കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ റീത അവസരവാദിയാണെന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന വസ്തുത അവർക്കറിയാമെന്നും കോൺഗ്രസ് സെക്രട്ടറി ഗുലാം നബി ആസാദ് പ്രതികരിച്ചു.
Post Your Comments