തിരുവനന്തപുരം:ചികിത്സയ്ക്ക് പണമില്ലാത്ത കാരണത്താൽ ആരേയും മരണത്തിന് വിട്ടുകൊടുക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ചികിത്സ. പാവപ്പെട്ടവരുടെ ചികിത്സാച്ചെലവ് സര്‍ക്കാറിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.അതിനാൽ ഭരണഘടന ഉറപ്പുനല്‍കുന്ന ആ ബാധ്യതയില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി ചൂണ്ടികാട്ടുകയുണ്ടായി.മകന് മരുന്നും ചികിത്സയും സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് പാലക്കാട് മേഴത്തൂര്‍ സ്വദേശി മനോജ് നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരിന്നു കോടതിയുടെ അഭിപ്രായം.
ദഹനരസം കുറഞ്ഞുപോകുന്ന ‘പോംപി’ എന്ന ജനിതക രോഗമാണ് മനോജിന്റെ മകനെ പിടികൂടിയിരിക്കുന്നത്.ഇറക്കുമതി ചെയ്യുന്ന മരുന്നാണ് മകന്റെ എന്‍സൈം തെറാപ്പിക്ക് ആവശ്യം. വിദേശ മരുന്നുകമ്പനിയുടെ സഹായത്താൽ അമൃത ആശുപത്രിയിലെ കാരുണ്യ ചികിത്സ പദ്ധതിയിലൂടെയാണ് ഇപ്പോള്‍ കുട്ടിയുടെ ജീവന്‍ നിലനില്‍ക്കുന്നതെന്ന് മനോജ് പറയുന്നു.കാരുണ്യ പദ്ധതി അവസാനിച്ചാല്‍ തുടര്‍ ചികിത്സ നല്‍കാന്‍ തനിക്കാവില്ല. അതിനാല്‍ സര്‍ക്കാര്‍ ചികിത്സാച്ചെലവ് ഏറ്റെടുക്കണമെന്നാണ് മനോജിന്റെ ആവശ്യം.മനോജിന്റെ മൂത്ത മകള്‍ 2010ല്‍ ഈ രോഗം മൂലം മരിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
ഖജനാവില്‍ ഫണ്ടില്ലെങ്കില്‍ സംഭാവനയിലൂടെയോ മറ്റു കാരുണ്യ പദ്ധതികളിലൂടെയോ തുക കണ്ടെത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന ഹൈക്കോടതി വിധി ഏറെ പ്രധാനപ്പെട്ടതാണ്.കൂടാതെ ഇത്തരം കാര്യങ്ങള്‍ക്കായി പൊതു ആരോഗ്യനയം ആവശ്യമാണ്. ചികിത്സാച്ചെലവ് താങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തവരെ മരണത്തിന് വിട്ടുകൊടുക്കാന്‍ സര്‍ക്കാറിനാകില്ലെന്നും ഹൈക്കോടതി വിശദീകരിക്കുകയുണ്ടായി.
പ്രതിവര്‍ഷം ജനിക്കുന്ന 5.5 ലക്ഷം കുഞ്ഞുങ്ങളില്‍ അഞ്ച് പേരെങ്കിലും ദഹനരസം കുറഞ്ഞുപോകുന്ന അസുഖമുള്ളവരാണെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. ഒരാള്‍ക്ക് പ്രതിവര്‍ഷം 50 ലക്ഷം രൂപയാണ് ചികിത്സാച്ചെലവ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവാങ്ങാന്‍ ബജറ്റില്‍ നീക്കിവെയ്ക്കുന്നത് 300 കോടി രൂപയാണ്. പോംപി രോഗബാധിതര്‍ക്ക് സൗജന്യമായി മരുന്ന് നല്‍കിയാല്‍ വരും കൊല്ലങ്ങളില്‍ ബജറ്റ് വിഹിതത്തിന്റെ പാതിയും അതിന് വേണ്ടിവരും. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന ഒട്ടേറെ പാവപ്പെട്ടവരെ അത് ബാധിക്കുമെന്നുമായിരിന്നു സര്‍ക്കാര്‍ നിലപാട്.എന്നാല്‍ സര്‍ക്കാറിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയായാലും ഹര്‍ജിക്കാരന്റെ മകന് സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കണം. ഗവ. ആശുപത്രികളില്‍ പറ്റില്ലെങ്കില്‍ സൗകര്യമുള്ള മറ്റേതെങ്കിലും ആശുപത്രിയില്‍ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Post Your Comments