തിരുവനന്തപുരം : കേരള വാട്ടര്‍ അതോറിറ്റിയില്‍ ‘ബ്‌ളൂ ബ്രിഗേഡ് ടീം’ പ്രവര്‍ത്തനസജ്ജമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ഡിവിഷന് കീഴിലെ അഞ്ച് സബ്ഡിവിഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ സബ്ഡിവിഷന് കീഴിലും രണ്ട് സെക്ഷന്‍ ഓഫീസുകളാണുള്ളത്. ഇവിടങ്ങളില്‍ ‘ബ്‌ളൂ ബ്രിഗേഡ് ടീമിന്’ 10 വാഹനങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ നടപടി ആരംഭിച്ചു. പദ്ധതി വിജയകരമായാല്‍ സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കുടിവെള്ള കണക്ഷന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥ, കരാര്‍ മാഫിയക്ക് തടയിടാനാണ് ഈ പദ്ധതി. ഇതിന്റെ ആദ്യപടിയായി പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് കരാറുകാരെയോ സെക്ഷന്‍ ഓഫീസ് അധികൃതരെയോ ആശ്രയിക്കാതെ കേന്ദ്രീകൃത സംവിധാനത്തിലൂടെ പ്രശ്‌നപരിഹാരം കാണാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
വാട്ടര്‍ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ പ്രത്യേകമായി സജ്ജീകരിച്ച വാഹനത്തില്‍ ഓവര്‍സിയര്‍മാര്‍ വീട്ടിലെത്തി അറ്റകുറ്റപ്പണി നടത്തും. ഇതിന് പ്രത്യേക ഫീസ് ഈടാക്കില്ല. അറ്റകുറ്റപ്പണിയുടെ സ്വഭാവമനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിച്ച തുക ചേര്‍ത്താകും അടുത്തമാസത്തെ കുടിവെള്ള ബില്‍ തയാറാക്കുക. ബില്ലില്‍ പറയുന്ന തുക മാത്രം ഉപഭോക്താവ് നല്‍കിയാല്‍ മതിയാകും. തകരാറുകള്‍ നിശ്ചിതസമയത്തിനുള്ളില്‍ സര്‍ക്കാര്‍ നിരക്കില്‍ പൂര്‍ത്തിയാക്കാനാകും എന്നതാണ് പദ്ധതിയുടെ മേന്മ.
Post Your Comments