ശ്രീനഗര്‍: ബിഎസ്എഫ് ജവാന്മാർ പാക് അതിര്‍ത്തിയിലെ ആറ് പാക് റെയ്ഞ്ചര്‍ പോസ്റ്റുകള്‍ തകര്‍ത്തു. ആക്രമണത്തിൽ പാക് സൈന്യത്തിനും ഭീകരര്‍ക്കും കനത്ത നാശനഷ്ടം ഉണ്ടായതായാണ് കണക്കുകൂട്ടല്‍. എന്നാൽ ആരെങ്കിലും കൊല്ലപ്പെട്ടതായി സൈന്യം വ്യക്തമാക്കിയില്ല. വെള്ളിയാഴ്ച രാത്രി പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ മരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ബിഎസ്എഫ് സൈന്യം പാകിസ്ഥാന്‍ സൈന്യത്തിനു മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു.ഏതെങ്കിലും ഇന്ത്യന്‍ സൈനികനെ ലക്ഷ്യമിട്ടാല്‍ പാകിസ്ഥാന്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും
ബിഎസ്എഫ് എഡിജി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുണ്ട്. ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ 24 മണിക്കൂറായി അതിര്‍ത്തിയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെങ്കിലും ഏതു നിമിഷവും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകാമെന്ന് ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. ഏത് സാഹചര്യത്തെ നേരിടാനും സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ മുന്‍പ് നല്‍കിയതുപോലെ ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments