കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ തീവണ്ടികള്‍ക്ക് നേരെയുള്ള കല്ലേറുമായി ബന്ധപ്പെട്ട് റെയില്‍വേ സംരക്ഷണ സേനയെ പാളങ്ങള്‍ നിരീക്ഷിക്കാന്‍ പാലക്കാട് ഡിവിഷന്‍ തീരുമാനിച്ചു. ഷൊര്‍ണൂരിനും മംഗലുരുവിനും ഇടയില്‍ തുടര്‍ച്ചയായി കല്ലേറുണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ആറ് മാസത്തിനിടെ തീവണ്ടികള്‍ക്ക് നേരെ കല്ലേറുണ്ടായ പതിനഞ്ച് കേസുകളാണ് പാലക്കാട് ഡിവിഷനില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്‍ജിന്‍ ക്യാബിന്റെയും ബോഗികളുടെയും ചില്ലുകള്‍ കല്ലേറില്‍ തകരുകയും യാത്രക്കാര്‍ക്കും, ജീവനക്കാര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷൊര്‍ണൂരിനും വടകരക്കും ഇടയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എട്ടുതവണ ഇവിടെ സാമൂഹ്യവിരുദ്ധർ തീവണ്ടിക്കു നേരെ കല്ലെറിഞ്ഞിട്ടുണ്ട്. മംഗലുരുവിനും കാസര്‍കോടിനും ഇടയില്‍ നാലു കേസുകളും കൂടാതെ പാലക്കാട് നിന്നും പോഡനൂരിലേക്കും പൊള്ളാച്ചിയിലേക്കുമുള്ള ലൈനുകളിലെ തീവണ്ടികളും ആക്രമണത്തിന് ഇരയായതോടെയാണ് പ്രത്യേക സുരക്ഷ മുന്‍കരുതലുകള്‍ എടുക്കാന്‍ പാലക്കാട് ഡിവിഷന്‍ തീരുമാനിച്ചത്. കല്ലേറ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ റെയില്‍വേ സംരക്ഷണ സേനയെ മഫ്തിയില്‍ നിയമിക്കാനും പ്രദേശവാസികളടക്കമുള്ളവരെ നിരീക്ഷിക്കാനും തീരുമാനമായി. പാളങ്ങള്‍ക്ക് ഇരുവശവുമുള്ള വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്താനും തീരുമാനിച്ചു. പാളങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയാനായി രാത്രി കാലങ്ങളില്‍ പ്രത്യേക വാഹന പെട്രോളിങ് നടത്തും. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കാനായി ടോള്‍ ഫ്രീ നമ്പറും പുറത്തിറക്കിയിട്ടുണ്ട്. 182ലേക്ക് വിളിച്ച് വിവരങ്ങള്‍ നല്‍കാമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
Post Your Comments