Kerala

സമ്പൂര്‍ണ വെളിയിട വിസര്‍ജ്യമുക്ത സംസ്ഥാനമായി കേരളം : പ്രഖ്യാപനം നടത്താന്‍ പ്രധാനമന്ത്രിയെത്തും

പ്രഖ്യാപനം നവംബര്‍ ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍

തിരുവനന്തപുരം  ഒന്നേമുക്കാല്‍ ലക്ഷം പുതിയ ശുചിമുറികളുടെ നിര്‍മാണം കൂടി പൂര്‍ത്തിയാക്കി ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജ്യമുക്ത സംസ്ഥാനമായി കേരളം മാറുന്നു. നവംബര്‍ ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ സമ്പൂര്‍ണ ഒ.ഡി.എഫ്. സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.റ്റി. ജലീല്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതി മൂന്ന് മാസം കൊണ്ടാണ് സംസ്ഥാനം വിജയകരമായി നടപ്പാക്കിയത്. ജനുവരി ഒന്നിനകം സംസ്ഥാനത്തെ നഗരപ്രദേശങ്ങളും സമ്പൂര്‍ണ വെളിയിട വിസര്‍ജ്യമുക്ത പ്രദേശങ്ങളായി മാറുമെന്നും മിക്ക മുനിസിപ്പാലിറ്റികളും ഇതിനോടകം ഒ.ഡി.എഫ്. പ്രഖ്യാപനം നടത്തിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

പ്രഖ്യാപന ചടങ്ങുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തിന് കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ സാധിക്കുമെന്നും വികസന പാതയില്‍ അത് വലിയ മുതല്‍ക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു.

പ്രഖ്യാപനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ശുചിത്വത്തെ ആസ്പദമാക്കി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഇന്ദ്രജാല പ്രകടനം നടത്തും. പ്രഖ്യാപനച്ചടങ്ങിന് വേദിയാകുന്നതിലൂടെ തലസ്ഥാന നഗരത്തിന് അഭിമാനകരമായ അവസരമാണ് വന്നിരിക്കുന്നതെന്ന് യോഗത്തില്‍ സംബന്ധിച്ച വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പദ്ധതിയുടെ ഗുണഭോക്താക്കളുടെ സാന്നിധ്യം ഉറപ്പുവരുത്തി പതിനായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന അവിസ്മരണീയമായ ചടങ്ങാക്കി ഇത് മാറ്റുന്നതിന് ജില്ലയിലെ ത്രിതല പഞ്ചായത്ത്, കോര്‍പ്പറേഷന്‍ പ്രതിനിധികളും ഉദേ്യാഗസ്ഥരും മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തില്‍ പണികള്‍ പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍ അവ നവംബര്‍ ഒന്നിനകം പൂര്‍ത്തീകരിച്ച് പദ്ധതി സമ്പൂര്‍ണ വിജയമാക്കണമെന്ന് മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അഭ്യര്‍ത്ഥിച്ചു.

പതിനാലായിരം പുതിയ ശുചി മുറികളാണ് ജില്ലയില്‍ അനുവദിച്ചിട്ടുള്ളത്. ഒ.ഡി.എഫ്. ഗുണഭോക്താക്കളെ ചടങ്ങില്‍ എത്തിക്കാന്‍ അതത് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ ഊന്നല്‍ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. ചടങ്ങില്‍ എ.ഡി.എം. ജോണ്‍ വി. സാമുവല്‍, ത്രിതല – പഞ്ചായത്ത് – കോര്‍പ്പറേഷന്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button