കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനു വേണ്ടി അധോലോക ഗുണ്ട രവി പൂജാരി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയതോടെ യുഡിഎഫിന്റെ അധോലോക ബന്ധം പുറത്തായി.
നിസാമിന്റെ ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കൂടിയായ പൂജാരിക്ക് പല യുഡിഎഫ് നേതാക്കളുമായും ബന്ധമുണ്ട്.
നിസാമിനെതിരെ സംസാരിച്ചാല്‍ കൊല്ലുമെന്നാണ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയത്. വിദേശത്തു നിന്നുള്ള ഇന്റര്‍നെറ്റ് കോളുകള്‍ 44 7440190035 എന്ന നമ്പറില്‍ നിന്നാണ് വന്നത്. ഞായറാഴ്ച രാത്രി 11.22 നായിരുന്നു അവസാന കോള്‍.
മുംബൈയിലും ബെംഗളൂരുവിലും അടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിപുലമായ ഗുണ്ടാ ശൃംഖലയും സ്വാധീനവും ഉള്ള പൂജാരിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോള്‍ ആസ്‌ട്രേലിയയില്‍ ഒളിവില്‍ കഴിയുകയാണ്.
മുന്‍പ് ഛോട്ടരാജന്റെ സംഘാംഗമായിരുന്നു. തൊണ്ണൂറുകളില്‍ ദുബായിക്ക് കടന്നു. പ്രമുഖരെ ഭീഷണിപ്പെടുത്തി പണം തട്ടലായിരുന്നു പ്രധാന പരിപാടി. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ വച്ച് 2000ല്‍ ദാവൂദ്, ഛോട്ടാരാജനെ വധിക്കാന്‍ ശ്രമിച്ചതോടെ ആ സംഘത്തില്‍ നിന്നകന്ന് സ്വന്തമായി അധോലോക സംഘം രൂപീകരിച്ചു.
ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, കരണ്‍ ജോഹര്‍, രാകേഷ് റോഷന്‍, ഷാരൂഖ് ഖാന്‍ എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടിയതടക്കമുള്ള അനവധി കേസുകളില്‍ പ്രതിയാണ്. ഛോട്ടാരാജനെ പിടിച്ച ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ലക്ഷ്യമിട്ട കൊടും ക്രിമിനലാണ് പൂജാരി.
ലീഗ് നേതാക്കളടക്കം പല യുഡിഎഫ് പ്രമുഖരുമായും അടുപ്പമുള്ള കാസര്‍കോട് ചെര്‍ക്കളം സ്വദേശിയായ കരാറുകാരന്‍ മുഹമ്മദ് കുഞ്ഞിയെ ഭീഷണിപ്പെടുത്തുകയും വീട്ടില്‍ ആക്രമണം നടത്തുകയും ചെയ്ത പൂജാരി സോളാര്‍ കേസിലെ എം.കെ. കുരുവിളയേയും ഭീഷണിപ്പെടുത്തി.
ചെന്നിത്തലയുള്‍പ്പെടെ പല യുഡിഎഫ് പ്രമുഖര്‍ക്കും കര്‍ണ്ണാടകത്തില്‍ വന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുണ്ട്. ചിലര്‍ ബിസിനസ് താത്പര്യാര്‍ഥം ഗുണ്ടാനേതാക്കളുമായും ബന്ധമുണ്ടാക്കിയിട്ടുണ്ട്. ഇത്തരം ബിസിനസുകള്‍ പലപ്പോഴും ചേരിപ്പോരിലും വഴക്കിലും ഭീഷണികളിലുമാണ് എത്തിച്ചേരുന്നത്. ചെന്നിത്തലയുമായി പൂജാരിയ്ക്ക് ഈ വഴിയുള്ള ബന്ധമാണോ എന്നാണ് സംശയം
കടപ്പാട് : ജന്മഭൂമി
Post Your Comments