Kerala

കെ.എസ്.ആര്‍.ടി.സിയിലെ തോന്നിവാസങ്ങള്‍ക്കെതിരെ സിനിമാ സ്‌റ്റൈലില്‍ ഗണേഷിന്റെ കിടിലന്‍ പ്രസംഗം

തിരുവനന്തപുരം: എന്തും വെട്ടി തുറന്ന് പറയുന്ന സ്വഭാവമാണ് എംഎല്‍എ കെബി ഗണേശ് കുമാറിന്റേത്. മുന്‍പ് മന്ത്രിയായിരുന്നപ്പോള്‍ വിവാദ പ്രസംഗങ്ങള്‍ ഗണേശിന് തന്നെ തലവേദന സൃഷ്ടിച്ചിരുന്നു. ഇത്തവണ നിയമസഭയിലാണ് ഗണേശ് കുമാര്‍ കിടിലം പെര്‍ഫോമന്‍സ് കാഴ്ച വെച്ചത്. കഴിഞ്ഞ ദിവസം നിയമസഭയില്‍ കെഎസ്ആര്‍ടിസി പ്രശ്‌നത്തെക്കുറിച്ച് ഗണേശ് സംസാരിക്കുകയുണ്ടായി.

കെഎസ്ആര്‍ടിസി എന്ന സംരംഭത്തെ തകര്‍ക്കാന്‍ ചില സ്ഥാപിത താല്‍പര്യക്കാരും ഉദ്യോഗസ്ഥരും ശ്രമിക്കുന്നുവെന്നാണ് ഗണേശിന്റെ ആരോപണം. കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന തോന്ന്യവാസങ്ങള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു ഗണേശ്. തന്റെ മണ്ഡലമായ പത്തനാപുരത്തേക്ക് അനുവദിച്ച് കിട്ടിയ ബസ് ഓടിക്കാനാകാത്തതിന്റെ അമര്‍ഷവും ഗണേശ്കുമാര്‍ സഭയില്‍ കാണിച്ചു.

എല്ലാ ബസുകളും കെഎസ്ആര്‍ടിസി ജീവനക്കാരുടെ സൗകര്യത്തിന് മാത്രമാണ് ഓടുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് ഒരു എ.സി ബസ് അനുവദിച്ചിരുന്നു. അത് ഇത് വരെ ഓടിയിട്ടില്ല. പിന്നീട് പുതിയ സര്‍ക്കാര്‍ വന്നപ്പോഴും ഇതേ ബസ് നല്‍കിയെങ്കിലും ഓടാന്‍ കഴിഞ്ഞിട്ടില്ല. എക്‌സിക്യൂട്ടിവ് ഡയറക്ടറെ വിളിച്ചാല്‍ ബിസി ആണെന്നും ബിസി മാറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് പകരം വേറെ ആണുങ്ങളെ നിയമിക്കണമെന്നും ഗണേശ് കുമാര്‍ വിമര്‍ശിച്ചു.

ജീവനക്കാരുടെ സൗകര്യത്തിന് വണ്ടി ഓടിച്ചാല്‍ വെന്റിലേറ്ററില്‍ കിടക്കുന്ന അമ്മൂമ്മയുടെ സ്വര്‍ണ്ണപല്ല് വലിച്ചൂരാന്‍ ശ്രമിക്കുന്നത് പോലെയാകും കാര്യങ്ങളെന്നും ഗണേശ്കുമാര്‍ പറഞ്ഞു. തൊഴിലാളി സംഘടനകള്‍ സ്വന്തം കഞ്ഞിയില്‍ പാറ്റയിടുകയാണ്. കെഎസ് ആര്‍ടിസി അടച്ച് പൂട്ടിയാല്‍ നഷ്ടം തൊഴിലാളികള്‍ക്ക് മാത്രമാണ്. അടച്ച് പൂട്ടിയാല്‍ പ്രതിപക്ഷവും എംഎല്‍എമാരും മാദ്ധ്യമ പ്രവര്‍ത്തകരുമൊക്കെ ഒരാഴ്ച ശബ്ദമുണ്ടാക്കും. പിന്നെ പന്തല്‍ കെട്ടി സമരം ചെയ്താല്‍ ഒന്നും ഒരാളും തിരിഞ്ഞ് നോക്കില്ലെന്നും ഗണേശ് പറയുന്നു.

പുതിയ മന്ത്രിയും പുതിയ എംഡിയും ചുമതലയേറ്റ സാഹചര്യത്തില്‍ തൊഴിലാളികളെ കാര്യം പറഞ്ഞ് മനസ്സിലാക്കണം. അടൂര്‍, പത്തനാപുരം, പുനലൂര്‍, ചടയമംഗലം തുടങ്ങി ഒരിടത്തും ബസ്സുകളില്ല. ദേശസാല്‍ക്കരണം എടുത്ത് കളഞ്ഞാല്‍ സ്വകാര്യ ബസുകളെങ്കിലും റോഡിലിറങ്ങും. എംഎല്‍എമാര്‍ വേണം ഇതിനൊക്കെ ഉത്തരം പറയാനെന്നും ഗണേശ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button