തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിലെ എൽഡി ക്ലാർക്ക് തസ്തികയിലേക്കു പിഎസ്‌സി നടത്തിയ പരീക്ഷ നാലുലക്ഷത്തിലേറെ പേർ എഴുതിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 13 കോടിയോളം രൂപ പരീക്ഷയ്ക്ക് വേണ്ടി ചിലവായി. അപേക്ഷകരുടെ എണ്ണം പരിഗണിക്കുമ്പോൾ സംസ്ഥാന തലത്തിൽ ഒറ്റദിവസംകൊണ്ടു പിഎസ്‌സി നടത്തിയ ഏറ്റവും വലിയ പരീക്ഷയാണിത്.
6,36,634 പേരായിരുന്നു അപേക്ഷിച്ചത്. പല പരീക്ഷകളിലേക്കായി അപേക്ഷിക്കുന്നവരിൽ 45 മുതൽ 50% പേരേ എഴുതാറുള്ളൂവെന്നും ഈ പരീക്ഷയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പരീക്ഷാ കൺട്രോളർ എൻ.നാരായണശർമ അറിയിച്ചു. എല്ലാ ജില്ലകളിലുമായി 2,608 കേന്ദ്രങ്ങളില്‍ നടത്തിയ പരീക്ഷയെക്കുറിച്ചു കാര്യമായ പരാതികളൊന്നുമില്ലെന്നും, ചോദ്യങ്ങൾ ലളിതവും ശരാശരിക്കാർക്ക് എഴുതാവുന്നതുമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ ചോദ്യ പേപ്പറിൽ 2016ലെ ഓസ്ട്രിയൻ ഓപ്പൺ കിരീടം നേടിയ വനിത എന്ന ചോദ്യം ഉദ്യോഗാർഥികളെ ആശയക്കുഴപ്പത്തിലാക്കി. ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണു ചോദ്യകർത്താവ് ഉദ്ദേശിച്ചതെന്നു കരുതുന്നു. ഉത്തര സൂചിക പ്രസിദ്ധീകരിക്കുമ്പോൾ ഇതു സംബന്ധിച്ച് ഉദ്യോഗാർഥികൾക്കു പരാതി നൽകാം. പരാതികൾ വിദഗ്ധ സമിതി പരിശോധിച്ച ശേഷം ന്യായമാണെങ്കിൽ ചോദ്യം ഒഴിവാക്കും.
ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷം പരീക്ഷാ കേന്ദ്രങ്ങളിലെത്തിയ ഉദ്യോഗാർഥികൾക്ക് എഴുതാനാവാതെ മടങ്ങേണ്ടി വന്നു. എല്ലാ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. രണ്ടിനാണു പരീക്ഷയെങ്കിലും ഒന്നരയ്ക്കു തന്നെ എത്തണമെന്ന് എല്ലാ ഉദ്യോഗാർഥികൾക്കും നേരത്തെ തന്നെ കർശന നിർദേശം നൽകിയിരുന്നു. അപേക്ഷകർക്കെല്ലാം പരമാവധി സ്വന്തം ജില്ലയിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു.
തിരുവനന്തപുരം ഉൾപ്പെടെ കൂടുതൽ അപേക്ഷകരുള്ള ജില്ലകളിൽ കുറച്ചു പേർക്ക് തൊട്ടടുത്ത ജില്ലയിൽ പരീക്ഷ എഴുതേണ്ടി വന്നു. വനിതാ ഉദ്യോഗാർഥികൾക്കെല്ലാം സ്വന്തം താലൂക്കിൽ തന്നെ പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നു. വികലാംഗ ഉദ്യോഗാർഥികൾക്കു വീടിനു സമീപം പരീക്ഷാ കേന്ദ്രം അനുവദിച്ചു. സർവകലാശാലകളിലെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷയാണ് ഇതിനു മുൻപ് ഒരു ദിവസം കൊണ്ട് പിഎസ്‌സി നടത്തിയ ഏറ്റവും വലിയ പരീക്ഷ.
Post Your Comments