Latest NewsKeralaNews

പി.എസ്.സി പരീക്ഷകളിൽ അടിമുടിമാറ്റം; പ്രാഥമിക പരീക്ഷകള്‍ ഒഴിവാക്കും

പി.എസ്.സിയിൽ അടിമുടി മാറ്റം. പ്രാഥമിക പരീക്ഷകള്‍ ഒഴിവാക്കാന്‍ പുതിയ തീരുമാനം. നടത്തിയ പരീക്ഷണങ്ങള്‍ സാമ്പത്തികമായി വലിയ തിരിച്ചടിയായതോടെയാണ് ഈ നീക്കം. മുന്‍ ചെയര്‍മാന്റെ കാലത്ത് നടപ്പാക്കിയ പരീക്ഷ പരിഷ്‌കരണം ഉദ്യോഗാര്‍ഥികള്‍ക്കും പിഎസ്‌സിക്കും വലിയ ബാധ്യതയാണ് ഉണ്ടാക്കിയത്. എല്ലാ പോസ്റ്റുകളിലേക്കും രണ്ടു പരീക്ഷകളാണ് നടത്തിയിരുന്നത്. ഇതു പിഎസ്‌സിയെ സാമ്പത്തികമായി തകര്‍ത്തു. ലക്ഷങ്ങളാണ് ഇതിലൂടെ പിഎസ്‌സിക്ക് നഷ്ടമായത്.

പരിഷ്കരണം തിരിച്ചടിയായെന്ന് കണ്ടെത്തിയതോടെ ഇത് ഒഴിവാക്കാനാണ് പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്ന പരീക്ഷകള്‍ക്കാണ് പ്രാഥമിക പരീക്ഷ ഒഴിവാക്കാന്‍ പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന കമീഷന്‍ യോഗമാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്. വിവിധ ജില്ലകളിലെ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (എല്‍.ഡി ക്ലര്‍ക്ക്), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികകളാണ് ആദ്യഘട്ടമായി പ്രാഥമിക പരീക്ഷയില്‍നിന്ന് ഒഴിവാക്കുന്നത്. ക്ലര്‍ക്ക് തസ്തികയുടെ വിജ്ഞാപനം നവംബര്‍ 30നു പുറപ്പെടുവിക്കും. ഡിസംബറില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടക്കും.

അപേക്ഷകരെ കുറച്ച് വേഗത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ ചെയര്‍മാന്‍ എം.കെ. സക്കീറിന്റെ കാലത്ത് യുപിഎസ്‌സി മാതൃകയില്‍ പരീക്ഷകള്‍ രണ്ടുഘട്ടമാക്കിയത്. ഈ തീരുമാനത്തിനെതിരെ അന്നുതന്നെ പിഎസ്‌സിക്കുള്ളിലും ഉദ്യോഗാര്‍ത്ഥികള്‍ക്കിടയും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. രണ്ടു പരീക്ഷ നടത്തിയതോടെ സ്‌കൂള്‍ ഹാളുകള്‍ക്കുള്ള വാടകയും നടത്തിപ്പുകാര്‍ക്കുള്ള ശമ്പളവും ചോദ്യപേപ്പര്‍ തയാറാക്കുന്നതിനും അച്ചടിക്കുന്നതിനും ലക്ഷങ്ങളാണ് പിഎസ്‌സിക്ക് മുടക്കേണ്ടിവന്നിരുന്നത്. ഇതു കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. ഇതോടെയാണ് തീരുമാനം പിന്‍വലിച്ച് പഴയ രീതിയിലേക്ക് പിഎസ്‌സി മടങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button