ശ്രീ സോമരാജ് പണിക്കര് എഴുതുന്നു
മുത്തലാക് നെ പറ്റി അഭിപ്രായം പറയാനോ ഇടപെടാനോ സുപ്രീം കോടതിക്കോ രാഷ്ട്രീയപാർട്ടികൾക്കോ അവകാശം ഇല്ലെന്നും ആ വിഷയത്തിൽ അഭിപ്രായം പറയാൻ അവകാശം മതപണ്ഡിതർക്കു മാത്രമേ ഉള്ളൂ എന്നും മുസ്ലീം ലീഗ് നേതാവ് ശ്രീ ഈ ടീ മുഹമ്മദ് ബഷീർ ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു.
കേരളത്തിലെ ലീഗ് നേതാക്കളിൽ എറ്റവും തിളക്കമുള്ള നേതാക്കളിൽ ഒരാൾ ആണു ശ്രീ ഈ ടീ മുഹമ്മദ് ബഷീർ .മുൻപു ഭരിച്ച പല വിദ്യാഭ്യാസ വകുപ്പു മന്ത്രിമാരെ വെച്ചു നോക്കുമ്പോൾ വളരെ പക്വതയും സംയമനവും അന്യമത ആദരവും ഒക്കെ പ്രകടിപ്പിച്ച നേതാവുമാണു അദ്ദേഹം. ജനങ്ങളുടെ വോട്ടു നേടി ഇന്ത്യൻ ഭരണഘടന സംരക്ഷിക്കും എന്നു ദൈവനാമത്തിൽ സത്യപതിജ്ഞ ചെയ്ത നേതാവു ആണു. അദ്ദേഹത്തിനു മുസ്ലീം മാത്രമോ പുരുഷന്മാർ മാത്രമോ അല്ല തീർച്ചയായും വോട്ടു ചെയ്തതു. എല്ലാ മതത്തിൽ പെട്ടവരും സ്ത്രീയും പുരുഷനും എല്ലാം അടങ്ങിയ വോട്ടർമാർ വോട്ടു ചെയ്തു വിജയിപ്പിച്ചു ലോക്സഭയിൽ എത്തിച്ച ആളാണു അദ്ദേഹം. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയിൽ ഇതര മതവിശ്വാസികൾ കുറവാണു എങ്കിലും തിരഞ്ഞെടുപ്പു കമ്മീഷന്റെ നിർവചനം അനുസരിച്ചു മതേതര കക്ഷി ആയി രജിസ്റ്റർ ചെയ്ത ഒരു പാർട്ടി ആണു.
അദ്ദേഹം മുസ്ലീം വോട്ടറുടെ പ്രശ്നത്തിൽ മാത്രമേ ഇടപെടുകയുള്ളൂ എന്നോ മറ്റു മതവിശ്വാസികളുടെ പ്രശ്നത്തിൽ ഇടപെടുക ഇല്ലന്നോ ഞാൻ വിശ്വസിക്കുന്നില്ല . അതു അവരവരുടെ മതവിശ്വാസത്തേ സംബന്ധിച്ച പ്രശ്നങ്ങൾ അല്ല മറിച്ചു മൗലിക അവകാശത്തേ സംബന്ധിച്ച പ്രശ്നങ്ങളോ പരാതികളോ ആണെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ തീർച്ചയായും അദ്ദേഹത്തിനു ഇടപെടാം , സഹായിക്കാം ; അഭിപ്രായം പറയാം .
എനിക്കു അദ്ദേഹത്തിന്റെ മതത്തേ പറ്റി ആദരവ് ഒട്ടും കുറവില്ലന്നു മാത്രമല്ല അദ്ദേഹത്തിനു തന്റെ വിശ്വാസം ഉയർത്തിപ്പിടിക്കാനും പ്രചരിപ്പിക്കാനും സംരക്ഷിക്കാനും ഉള്ള എല്ലാ അവകാശത്തേയും പിന്തുണക്കുന്ന ഒരാൾ ആണു .
അടുത്തകാലത്തു സുപ്രീം കോടതിയിൽ മുത്തലാക് ന്റെ മറവിൽ തുല്യ നീതി നിഷേധിക്കുന്നു എന്നു പല മുസ്ലീം വനിതകളും കേസ് കൊടുക്കുകയും വിചാരണ വേളയിൽ സുപ്രീം കോടതി ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണു എന്നു ആരായുകയും അതിനു കേന്ദ്രസർക്കാർ മുത്തലാക് ഒരു സ്ത്രീക്കു തുല്യ നീതി നിഷേധിക്കുന്ന പല ഇസ്ലാമിക് രാജ്യങ്ങളും നിരോധിച്ച ഒരു നിയമം ആണു സത്യവാങ്ങ്മൂലം നൽകുകയും ചെയ്തു . യൂണിഫോം സിവിൽ കോഡ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇല്ല എന്നും എന്നാൽ ഈ വിഷയത്തിൽ ലോ കമ്മീഷൻ വിവിധ സംഘടനകളുടേയും വ്യക്തികളുടേയും അഭിപ്രായം ആരായാം എന്നും അറിയിച്ചിരുന്നു.
എന്നാൽ ആ സത്യവാങ്ങ്മൂലം വന്നതോടെ മുത്തലാക് ന്റെ പേരു പറഞ്ഞു യൂണിഫോം സിവിൽ കോഡ് പിൻ വാതിലിൽ കൂടി കേന്ദ്ര സർക്കാറും അതിനു നേതൃത്വം നൽകുന്ന ബീ ജെ പീ യും നടപ്പാക്കാൻ പോവുകയാണു എന്നു വ്യാപകമായ പ്രചരണം നടത്തുവാൻ തുടങ്ങി. ഇത്രയും കാലം യൂണിഫോം സിവിൽ കോഡ് നടപ്പാക്കണം എന്നു നിരന്തരം ആവശ്യപ്പെട്ടിരുന്ന പല പ്രമുഖ രാഷ്ട്രീയ പാർട്ടികൾ അതു ” ഇപ്പോൾ വേണ്ട ” ; ” ബീ ജെ പീ കൊണ്ടുവരണ്ട ” എന്നു നയം മാറ്റുകയും ചെയ്തു.
ബീ ജെ പീ ആണെങ്കിൽ ഈ വിഷയം പ്രകടന പത്രികയിൽ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പു വൻഭൂരിപക്ഷം നേടി വിജയം നേടിയ പാർട്ടി ആണു . മതിയായ ഭൂരിപക്ഷം ലഭിച്ചാൽ വേണമെങ്കിൽ അതു ഭരണഘടനാ ഭേദഗതി വരുത്തി നടപ്പാക്കാൻ ജനവിധിയുണ്ട്. എന്നാൽ അവർ ഇപ്പോൾ അതിനെപറ്റി ആലോചിക്കുന്നില്ല എന്നു പറയുന്നു. ചുരുക്കത്തിൽ യൂണിഫോം സിവിൽ കോഡ് നു ” ഇനിയും സമയം ആയിട്ടില്ല ” അപ്പോൾ ഇപ്പോൾ സുപ്രീം കോടതിക്കു മുൻപിൽ മുത്തലാക് ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളും തുല്യ നീതിയും ഒരു പരാതിക്കാരി ആയ മുസ്ലീം വനിതക്കു നിഷേധിക്കുന്നോ ഇല്ലയോ എന്നു മാത്രം ഒരു പ്രശ്നമേ ഉള്ളൂ . ആ പശ്ചാത്തലത്തിൽ വേണം ശ്രീ ഈ ടീ മുഹമ്മദ് ബഷീർ നടത്തിയ മുൻ കൂർ ജാമ്യം എടുക്കുന്ന പ്രസ്താവനയെ കാണാൻ.
എനിക്കു അദ്ദേഹത്തോടു ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യവും അംഗീകരിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ഒരു സാധാരണ പൗരൻ എന്ന നിലയിലും ഞാൻ ആദരിക്കുന്ന ഒരു എം പീ എന്ന നിലയിലും ചോദിക്കാനുള്ളതും ചോദ്യം ചെയ്യാനും ഉള്ളതു അദ്ദേഹത്തിന്റെ മതനിയമത്തേപറ്റിയല്ല , മറിച്ചു വളരെ സാമാന്യമായ ചില സംശയങ്ങൾ ആണു .
1. ഒരു മതവിശ്വാസി മറ്റൊരു മത വിശ്വാസിയേ ( എന്റെ മതം തന്നെ ആയിക്കൊള്ളട്ടെ ) വിവാഹം കഴിക്കുന്നു . സ്ത്രീയെ വിവാഹം കഴിച്ച് പുരുഷൻ ഉപദ്രവിക്കുന്നു , സ്വത്തു തട്ടിയെടുക്കുന്നു , അല്ലെങ്കിൽ മദ്യപിച്ചു മർദ്ദിക്കുന്നു . ബന്ധുക്കളും മാതാപിതാക്കളും മതനേതാക്കളും ഒക്കെ ചർച്ച നടത്തി പരാജയം സമ്മതിച്ചു . സ്ത്രീ ഒടുവിൽ പരാതിയുമായി പോലീസിനെയും കുടുംബ കോടതിയേയും സമീപിക്കുന്നു . അങ്ങയുടെ അഭിപ്രായത്തിൽ കോടതി ഈ കേസ് സ്വീകരിക്കാതെ രണ്ടുപേരെയും അവരുടെ മതപണ്ഡിതരുടെ അടുത്തേക്കു അയക്കണമോ ?
2.,എന്റെ മതത്തിലെ ഒരാൾ മറ്റൊരു മതത്തിൽ പെട്ട ഒരാളുടെ വസ്തു ബലമായി തട്ടി എടുക്കുന്നു . വസ്തു പോയ ആൾ കോടതിയേ സമീപിക്കുന്നു . കോടതി വാദം കേൾക്കണോ അതോ അവരെ മതപണ്ഡിതരുടെ അടുത്തേക്കു അയച്ചു കേസ് തള്ളണോ ?
3. ഒരു മത വിശ്വാസി മറ്റൊരു മത വിശ്വാസിയേ ഒരു കാരണവും ഇല്ലാതെ കരണത്തടിക്കുന്നു . അടി കൊണ്ട ആൾ പോലീസിനെ വിളിക്കുന്നു . പോലീസ് ഈ കേസ് കേട്ടു നടപടി എടുക്കണോ അതോ മതപണ്ഡിതരെ വിളിച്ചു പ്രശ്നം തീർക്കണോ ?
ചുരുക്കത്തിൽ ഒരു വ്യക്തിക്കു പരാതി ഉണ്ടായാൽ കേസു കൊടുക്കാം , അപകടം പറ്റിയാൽ ഡോക്റ്റർക്കു ചികിൽസിക്കാം , രക്തം കൊടുക്കാം , അവിടെയൊന്നും മതം നോക്കുകയോ മതപണ്ഡിതർ എന്തു പറയുന്നു എന്നോ നോക്കേണ്ട കാര്യം ഇല്ല .
ഇത്രയും അങ്ങേക്കു സമ്മതിക്കാം എങ്കിൽ മുത്തലാക് ഇൽ പരാതിയുമായി കോടതിയേ നീതി നിഷേധിക്കപ്പെട്ട ഒരു മുസ്ലീം വനിതക്കു സമീപിക്കാൻ അവകാശം ഉണ്ടോ അതോ മതപണ്ഡിതർ മാത്രമേ കേസ് കേൾക്കാവൂ എന്നു നിർബന്ധം പിടിക്കുമോ ?
സർ , ഏതെങ്കിലും മതപണ്ഡിതർ ജനങ്ങളോ വിശ്വാസികളോ ബാലറ്റ് പേപ്പർ ഉപയോഗിച്ചു തിരഞ്ഞെടുക്കപ്പെട്ട ആളുകൾ ആണോ ? അപ്പോൾ പിന്നെ അവർ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഇന്ത്യൻ ഭരണഘടനയേ വിമർശിക്കാൻ പാടുണ്ടോ ?
ജനപ്രതിനിധികളും വിശ്വാസികളും അവർ തിരഞ്ഞെടുക്കാത്ത മതനേതാക്കളേ കോടതിക്കു അതീതരായി കാണേണ്ട കാര്യം ഉണ്ടോ ?
ഈ മതപണ്ഡിതർക്കു ഏതെങ്കിലും വിഷയത്തിൽ എകാഭിപ്രായം ഉണ്ടോ ?
ഇന്ത്യൻ ഭരണഘടനയെപറ്റി എന്തെങ്കിലും പിടിയുണ്ടോ ? ഈ മതപണ്ഡിതരിൽ സ്ത്രീകളുടെ അവകാശത്തേപറ്റി ബോദ്ധ്യം ഉള്ള സ്ത്രീപണ്ഡിതർ എത്രപേർ ഉണ്ട്?
മുതലാക് നെ കോടതിയിൽ ചോദ്യം ചെയ്യാൻ പരാതിക്കാർ ആയ വനിതകൾക്കു അവകാശം ഇല്ലന്നോ അതിൽ കോടതി വാദം കേൾക്കാൻ പാടില്ലന്നോ പരമോന്നത കോടതിക്കു അതിൽ വിധി പറയാൻ അവകാശം ഇല്ലന്നോ ഭരണഘടന സംരക്ഷിക്കും എന്നു ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യൻ പാർലമെന്റിലേ അംഗമായ അങ്ങേക്കു എങ്ങിനെ പറയാൻ പറ്റും ?
രാജ്യം എന്ന നിലയിൽ ഇന്ത്യക്കു ഒരു വിശുദ്ധ ഗ്രന്ഥം മാത്രമേ ഉള്ളൂ .
അതു ഇന്ത്യൻ ഭരണഘടന മാത്രമേ ഉള്ളൂ .
അതു നൽകുന്ന മൗലിക അവകാശവും തുല്യ നീതിയും നിഷേധിക്കപ്പെട്ട ഒരു പൗരനു അതു ഏതു മതവിശ്വാസി ആവട്ടെ സ്ത്രീ ആവട്ടെ പുരുഷൻ ആവട്ടെ അതു സ്ഥാപിച്ചു കിട്ടാൻ രാജ്യത്തേ കോടതിയേ സമീപിക്കാൻ അവകാശം ഉണ്ടു.
എറ്റവും ദൗർഭാഗ്യകരം ആയി ഞാൻ കാണുന്നതു ബീ ജെ പീ ഇന്ത്യയെ മതരാഷ്ട്രം ആക്കി മാറ്റും എന്നു ഭയപ്പെടുന്ന ശ്രീ ഈ റ്റീ മുഹമ്മദ് ബഷീർ അദ്ദേഹത്തിന്റെ മതനിയമം ഇന്ത്യയുടെ ഭരണഘടന നൽകുന്ന അവകാശത്തേ ഹനിക്കുന്നു എന്നു കോടതി സംശയം പ്രകടിപ്പിക്കുമ്പോൾ അതിൽ മതനേതാക്കൾ മാത്രമേ ഇടപെടാൻ അവകാശം ഉള്ളൂ എന്നു വാദിക്കുന്നതാണു . അതായതു ചില വിഷയങ്ങളിൽ ഭരണഘടന വേണ്ട മതരാഷ്ട്രം മതി എന്നു പറയുന്നതിനു തുല്യമാണു. ഇന്ത്യയുടെ പരമോന്നത കോടതി ഈ വിഷയം പരിശോധിച്ചു പുറപ്പെടുവിക്കുന്ന വിധി എന്തു തന്നെ ആയാലും അതിനെ മതപണ്ഡിതർ ഉൾപ്പടെ എല്ലാ ഇന്ത്യൻ പൗരന്മാരും അംഗീകരിക്കുകയും ആദരിക്കുകയും വേണം .
ആദ്യം ഒരു ഇന്ത്യാക്കാരൻ . പിന്നെ എന്തുമാകാം
Post Your Comments