Kerala

സിപിഎം പ്രവര്‍ത്തകരെ അടക്കി നിര്‍ത്തിയാല്‍ കണ്ണൂരില്‍ സമാധാനം ഉണ്ടാകുമെന്ന് കുമ്മനം

തിരുവനന്തപുരം: സിപിഎമ്മിനെ വിമര്‍ശിച്ച് വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. സിപിഎമ്മിനെ വെള്ള പൂശാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം പ്രവര്‍ത്തകരെ നിലയ്ക്കുനിര്‍ത്തണം. സിപിഎം പ്രവര്‍ത്തകരെ നിയന്ത്രിച്ചാല്‍ കണ്ണൂരില്‍ സമാധാനം ഉണ്ടാകുമെന്നും കുമ്മനം പറയുന്നു.

കണ്ണൂരില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം മാത്രമല്ല സിപിഐ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുമായി സിപിഎം സംഘര്‍ഷമുണ്ട്. പാര്‍ട്ടി ഓഫീസുകളും സിപിഎം തകര്‍ക്കുന്നു. പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം 250ല്‍പരം അക്രമങ്ങള്‍ കണ്ണൂരില്‍ നടന്നിട്ടുണ്ട്. ഇതില്‍ 80 ശതമാനത്തിലും പ്രതികള്‍ സിപിഎം പ്രവര്‍ത്തകാരാണെന്നും കുമ്മനം ആരോപിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ആകെ 60 വീടുകള്‍ക്കും 70 സ്ഥാപനങ്ങള്‍ക്കും നേരെ അക്രമമുണ്ടായി. 75 വാഹനങ്ങള്‍ തകര്‍ത്തു. കണ്ണൂരില്‍ മാത്രം മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊല്ലുകയും 40 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍പെട്ട കരിയാട് സുരേന്ദ്രന്‍ എന്ന പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നും രണ്ടു ബൈക്കുകള്‍ തള്ളികൊണ്ടുപോയി തീയിട്ടത്.

അക്രമ സംഭവങ്ങളുണ്ടാകുമ്പോള്‍ പോലീസ് നോക്കുകുത്തിയാകുന്നു. ഞങ്ങള്‍ നിസ്സഹായരെന്ന് പോലീസ് മേധാവികള്‍ പറയുന്നു. സിപിഎം പ്രതികളെ അറസ്റ്റ് ചെയ്താല്‍ നേതാക്കളെത്തി ഇറക്കികൊണ്ടു പോകുന്നു. ഇത്തരം അവസ്ഥകളാണ് നടക്കുന്നതെന്ന് കുമ്മനം വ്യക്തമാക്കി. ഇതെല്ലാം അറിയുന്ന മുഖ്യമന്ത്രി ആര്‍എസ്എസുകാരാണ് കുഴപ്പക്കാരെന്ന് വിളിച്ചുപറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്നും കുമ്മനം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button