തിരുവനന്തപുരം● വിജിലൻസ് ഡയറക്ടർ സ്‌ഥാനത്തു നിന്നും ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന് സി.പി.എം തീരുമാനിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സ്‌ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ജേക്കബ് തോമസ് കത്ത് നൽകിയ പശ്ചാത്തലത്തിലാണ് ഇക്കാര്യം ചർച്ച ചെയ്യാൻ സിപിഎം അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗം രാവിലെ എകെജി സെന്ററിൽ ചേർന്നത്. പുന്നപ്ര–വയലാർ സമരവാർഷികത്തിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇക്കാര്യത്തിൽ ശക്‌തമായ നിലപാട് സ്വീകരിച്ചു. ജേക്കബ് തോമസ് വിഷയത്തിൽ പാർട്ടിയുടെ നിലപാട് ജനറൽ സെക്രട്ടറിയും സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയെ അറിയിച്ചു.
ജേക്കബ് തോമസിനെ പിന്തുണച്ച് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദനും രംഗത്തെത്തി ജേക്കബ് തോമസ് പോലീസ് സേനയിലെ അഭിമാനമാണ്. അഴിമതിക്കെതിരേ പോരാടുന്ന അദ്ദേഹത്തെ അഴിമതി വീരന്മാർ കുപ്രചരണം നടത്തി പുറത്താക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തെ മര്യാദയ്ക്ക് ജോലി ചെയ്യാൻ ഇക്കൂട്ടർ അനുവദിക്കുന്നില്ലെന്നും ഇത്തരം കറുത്ത ശക്‌തികളുടെ പ്രവർത്തനങ്ങൾ വിലപ്പോവില്ലെന്നും വി.എസ്.അച്യുതാനന്ദൻ പറഞ്ഞു.
Post Your Comments