മുളന്തുരുത്തി● മുളംതുരുത്തിയിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നു. മൂത്തമകളുടെ വിവാഹം മുടങ്ങുമോ എന്ന സംശയവും അതുമൂലമുണ്ടാകുന്ന അപമാനഭീതിയുമാണ് കുടുംബത്തെ ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കാന്‍ പ്രേപ്പിച്ചത്.
ഇറുമ്പയം കോളനിയില്‍ ഞാറ്റുവീട്ടില്‍ സച്ചിദാനന്ദനും (55) ഭാര്യ സുജാതയും (45) ഇളയ മകള്‍ ശ്രീലക്ഷ്മിയും (20) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി തിരുവനന്തപുരം-ഗുവാഹത്തി എക്സ്പ്രസിന് മുന്നില്‍ ചാടിയാണ് മൂവരും ജീവനൊടുക്കിയത്.
മൂത്തമകള്‍ ജ്യോതിലക്ഷ്മിയുടെ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൂട്ടആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസ് കണ്ടെടുത്ത സച്ചിദാനന്ദന്റെ ആത്മഹത്യക്കുറിപ്പിലും ഇത് സംബന്ധിച്ച പരാമര്‍ശമുണ്ട്.
ജ്യോതിലക്ഷ്മി നേരത്തെ വീടിനടുത്തുള്ള മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിനിടെയാണ് സൗദിയില്‍ ജോലി ചെയ്യുന്ന യുവാവുമായി ജ്യോതിലക്ഷ്മിയുടെ കല്യാണം തീരുമാനിക്കുന്നത്. വിവാഹ നിശ്ചയം 30 ാം തീയതി നടക്കാനിരിക്കെ മുന്‍ കാമുകന് താനുമായി ജ്യോതിക്കുണ്ടായിരുന്ന അടുപ്പം വരനെ അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയിലായി സച്ചിദാനന്ദനും കുടുംബവും.
ശനിയാഴ്ച രാവിലെ കോട്ടയത്ത് ബന്ധുവീട്ടില്‍ പോയ സച്ചിദാനന്ദനും ഭാര്യയും വൈകീട്ട് 6 മണിയോടെ ബന്ധുവും മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായ വേണുഗോപാലിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ജ്യോതിയുടെ പ്രണയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തെയും ഇടപെട്ട് പരിഹാരം കണ്ടിട്ടുള്ള വ്യക്തിയാണ് വേണുഗോപാല്‍. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സൗദിയില്‍ നിന്ന് വരന്റെ സുഹൃത്ത് തന്നെ വിളിച്ചിരുന്ന കാര്യം വേണു അറിയിച്ചു. ഇക്കാര്യം ജ്യോതിയോട് ചോദിക്കരുതെന്നും താന്‍ എത്തി സംസാരിക്കാമെന്ന ഉറപ്പും നല്‍കിയാണ് ഇരുവരെയും മടക്കി അയച്ചത്.
സൗദിയില്‍ നിന്ന് 8.50 ഓടെ വരന്റെ സുഹൃത്ത് വേണുവിനെ വീണ്ടും വിളിച്ചു. അമ്മയും ജ്യോതിയുമായി വഴക്കുണ്ടായെന്നും സച്ചിദാനന്ദനും ഭാര്യയും ഇളയ മകളും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നും ജ്യോതി ഫോണ്‍ ചെയ്ത് അറിയിച്ചെന്നായിരുന്നു ഇയാള്‍ വേണുവിനെ അറിയിച്ചത്. ഉടന്‍ വേണു സച്ചിദാനന്ദനെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
നേരത്തെയും ജ്യോതിയോട് പിണങ്ങി മാതാപിതാക്കള്‍ വെളിയനാട്ടിലെ ബന്ധുവിന്റെ വീട്ടില്‍ പോയി ഇവര്‍ താമസിച്ചിട്ടുണ്ട്. അന്ന് ജ്യോതി അച്ഛനമ്മമാരുടെ ഇഷ്ടത്തിനു വഴങ്ങി പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു. ഇത്തവണയും അങ്ങനെയേ ഉണ്ടാകൂ എന്ന് വേണു ആശ്വസിച്ചു. എന്നാല്‍ ഇളയ മകളെയും കൂട്ടി മരണത്തിലേക്കാണ് അവര്‍ പോയതെന്ന് ആരും അറിഞ്ഞില്ല.
ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട വിവരമറിഞ്ഞ ജ്യോതിലക്ഷ്മി ബോധരഹിതയായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ട്രെയിനടിയില്‍ പെട്ട് മൃതദേഹങ്ങള്‍ ചിന്നഭിന്നമായി പോയിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉദയംപേരൂര്‍ ആമേടയിലെ കുടുംബ വീട്ടിലും ഇറുമ്പയത്തെ ഇവരുടെ വീട്ടിലും പൊതുദര്‍ശനത്തിനു വച്ച ശേഷം മൃതദേഹങ്ങള്‍ ഞായറാഴ്ച വൈകീട്ട് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
Post Your Comments