ദുബായ്● യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഭരണത്തില്‍ 10 വര്‍ഷം പൂര്ത്തിയക്കുന്നു. ഷെയ്ഖ് മൊഹമ്മദിന്റെ നേതൃത്വത്തില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങളുടെ ഒരു ദശകം പിന്നിടുകയാണ് യു.എ.ഇ.
താന്‍ ഭരണം നടത്തിയ 10 വര്‍ഷത്തെ വിശകലനം ചെയ്തുകൊണ്ട് ഷെയ്ഖ് മൊഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ അജന്‍ഡയില്‍ ലക്ഷ്യമിട്ട 62 ശതമാനം നേട്ടങ്ങളും കൈവരിക്കാനായെങ്കിലും 38 ശതമാനം ലക്ഷ്യങ്ങളും ബാക്കികിടക്കുന്നുവെന്നത് ഗൗരവതരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള കാലതാമസവും അനുവദിക്കില്ല. രാജ്യത്തിന്റെ ചെലവില്‍ ആരെയും പ്രീണിപ്പിക്കേണ്ട കാര്യമില്ല. അഞ്ചുവര്‍ഷത്തിനുള്ളില്‍ ദേശീയ അജന്‍ഡ പൂര്‍ണമായും നേടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ ഉള്‍പ്പെടുത്തി 550 അംഗ ‘ദേശീയ അജന്‍ഡ നിര്‍വാഹക സമിതി’ക്ക് രൂപം നല്‍കിയതായും ഷെയ്ഖ് മൊഹമ്മദ് അറിയിച്ചു.
എണ്ണവിലയിടിവിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ മാന്ദ്യം അനുഭവപ്പെട്ടപ്പോഴും നിരവധി രാഷ്ട്രീയപ്രതിസന്ധികള്‍ ഗള്‍ഫ് മേഖല നേരിട്ടപ്പോഴും യു.എ.ഇ സമ്പദ്വ്യവസ്ഥ കുതിക്കുകയായിരുന്നു.. മൊത്ത ആഭ്യന്തര ഉത്പാദനം 663 ബില്ല്യന്‍ ദിര്‍ഹമില്‍നിന്ന് 1,360 ബില്ല്യണായി വര്‍ധിച്ചു. എണ്ണയിതര കയറ്റുമതി 113 ബില്ല്യന്‍ ദിര്‍ഹമിന്റേത് 10 വര്‍ഷങ്ങള്‍ക്കുശേഷം അത് 603 ബില്ല്യണായി. സമ്പദ് ഘടനയില്‍ എണ്ണയിതര മേഖലയുടെ പങ്ക് 10 ശതമാനം വര്‍ധിപ്പിക്കാനായി. ആഗോളതലത്തില്‍ സാമ്പത്തികക്ഷമത കാഴ്ചവെച്ച രാജ്യങ്ങളുടെ പട്ടികയില്‍ 32-ാം സ്ഥാനത്തുനിന്ന് യു.എ.ഇ. 16-ലേക്ക് മുന്നേറി.
നേരിട്ടുള്ള വിദേശനിക്ഷേപം 179 ബില്ല്യണില്‍നിന്ന് 410 ബില്ല്യന്‍ ദിര്‍ഹമായി. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലും മികച്ച മുന്നേറ്റം കൈവരിച്ചു. ഇന്ന് 93 ശതമാനം കുട്ടികളും കിന്റര്ഗാര്ഡനിലെത്തുന്നുണ്ട്. ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടുന്നവരുടെയും നിരക്ക് 93 ശതമാനമായി. പദ്ധതി ആസൂത്രണം, സ്മാര്‍ട്ട് സേവനം, പൊതുമേഖലയുടെ പ്രകടനം തുടങ്ങിയവയിലൊക്കെ വലിയ കുതിപ്പുതന്നെ രാജ്യം കൈവരിച്ചു. നൂറിലധികംവരുന്ന സുപ്രധാന വികസന സൂചകങ്ങളില്‍ മധ്യപൂര്വേഷ്യയില്ത്തന്നെ യു.എ.ഇ.യാണ് ഒന്നാംസ്ഥാനത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുസൗകര്യങ്ങളുടെ നിലവാരം, റോഡുകള്‍, വ്യോമ നാവിക ഗതാഗതസംവിധാനങ്ങള്‍, പൊതുസുരക്ഷ, സര്‍വകലാശാലകളിലെ സ്ത്രീകളുടെ സാന്നിധ്യം, ഗവണ്മെന്റിന്റെ ഭരണക്ഷമത തുടങ്ങിയ കാര്യങ്ങളില്‍ ആഗോളതലത്തില്‍ത്തന്നെ ഒന്നാംസ്ഥാനത്താണ്. റോഡുസുരക്ഷയില്‍ ശ്രദ്ധേയമായ മുന്നേറ്റം സാധ്യമായി. റോഡപകട മരണനിരക്ക് കുറയ്ക്കാനായി.
ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഈയൊരു നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. രാജ്യത്തിന്റെ അമ്പതാം വാര്‍ഷികമായ 2021-ല്‍ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായി യു.എ.ഇ.യെ മാറ്റുകയാണ് ലക്ഷ്യം. ഇതിന് അഞ്ചുവര്‍ഷമേ അവശേഷിക്കുന്നുള്ളൂവെന്നും ഷെയ്ഖ് മൊഹമ്മദ് കൂട്ടിച്ചേര്‍ത്തു.
Post Your Comments