തിരുവനന്തപുരം: രാഷ്ട്രീയ വിമർശനങ്ങൾക്കിടെ നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും. ഇപി ജയരാജന്റെ രാജിയുടെ വിവാദങ്ങൾ നിയമസഭയില്‍ ഉണ്ടാകും. എന്നാല്‍ ഈ വിവാദങ്ങളെ പ്രതിരോധിക്കാനാകും ഭരണപക്ഷശ്രമം.
നിയമസഭാ സമ്മേളനം ബന്ധുനിയമനവിവാദത്തിന്റെ പ്രശ്നങ്ങൾ അടങ്ങും മുമ്പാണ് പുനരാരംഭിക്കുന്നത്. ഇപി ജയരാജനെ ലക്ഷ്യമിട്ട് സഭയെ വീണ്ടും സമരഭൂമി ആക്കാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ ജയരാജന്‍ രാജി വെച്ചതോടെ ആ അവസരം പ്രതിപക്ഷത്തിന് നഷ്ടമായി. എങ്കിലും മറ്റു ബന്ധുനിയമനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും നിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് ആരോപിച്ചും വിഷയം സഭയില്‍ എത്തിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.
സഭയെ പ്രക്ഷുബ്ധമാക്കി വിഷയം നിലനിര്‍ത്താനാകും പ്രതിപക്ഷത്തിന്റെ ശ്രമം. മുഖ്യമന്ത്രിയും ഭരണപക്ഷവും വിഷയം സഭയില്‍ എത്തട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. അന്വേഷണം വന്നപ്പോള്‍ തന്നെ മന്ത്രി രാജി വെച്ചതിന്റെ മാതൃക പ്രതിപക്ഷത്തിനു മുന്നില്‍ തല ഉയര്‍ത്തി തന്നെ അവതരിപ്പിക്കുമെന്നാണ് ഭരണപക്ഷം പറയുന്നത്. പ്രതിപക്ഷനേതാവിനേയും മുന്‍മുഖ്യമന്ത്രിയേയും യുഡിഎഫ് കാലത്തെ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിരോധത്തിലാക്കാമെന്നും ട്രഷറി ബെഞ്ച് കണക്കു കൂട്ടുന്നു. പ്രതിപക്ഷത്തെ പ്രധാനനേതാക്കള്‍ക്ക് എതിരെ ഉള്ള വിജിലന്‍സ് അന്വേഷണവും സഭയില്‍ ഭരണപക്ഷം ഉയര്‍ത്തിക്കാട്ടും. കണ്ണൂര്‍ കൊലപാതകം ഉള്‍പ്പെടെയുളള വിഷയങ്ങളും നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷനീക്കം. കണ്ണൂരില്‍ അക്രമം അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തും.
Post Your Comments