പനജി : ബ്രിക്‌സ് ഉച്ചകോടി ഗോവയില്‍ ആരംഭിക്കുന്നതു കൊണ്ട് സുരക്ഷ ശക്തമാക്കി. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയുടെ എട്ടാമത്തെ ഉച്ചകോടിയാണിത്. ബ്രിക്‌സ് ഉച്ചകോടിക്കുശേഷം ബിംസ്‌റ്റെക് രാജ്യങ്ങളുമായി ( ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടിസെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോഓപ്പറേഷന്‍)ചേര്‍ന്നുള്ള സംയുക്ത ഉച്ചകോടിയും നടക്കും.
ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ഈ സംഘടനയിലുള്ളത്. ഉച്ചകോടിക്കായി വിവിധ ലോക നേതാക്കള്‍ ഗോവയിലെത്തി. ഉച്ചകോടിക്കെത്തുന്ന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചര്‍ച്ചയും നടത്തും. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ചയില്‍ ഭീകരതയ്‌ക്കെതിരായ യോജിച്ച പോരാട്ടവും പാകിസ്താന്റെ നിലപാടുകളും വിഷയമാകുമെന്നാണ് കരുതുന്നത്.
ഉച്ചകോടി പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഗോവയിലെങ്ങും. വിവിധ ബീച്ചുകളില്‍ വിമാനവേധ തോക്കുകളടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
ബ്രിക്‌സ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സഹകരണത്തിന്റെ പുതിയ മേഖലകള്‍ വെട്ടിത്തുറക്കാനും ഉച്ചകോടി സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതീക്ഷ പ്രകടിപ്പിച്ചു.
Post Your Comments