തിരുവനന്തപുരം: കാട്ടാക്കടയ്ക്കടുത്ത് നെയ്യാര്‍ തീരത്ത് വീണ്ടും ചീങ്കണ്ണികള്‍ എത്തിയിരിക്കുന്നു. നിരവധി പേരുടെ ജീവനെടുത്ത ചീങ്കണ്ണികളെ നെയ്യാര്‍ തീരത്ത് കണ്ടെത്തിയതോടെ പരിഭ്രാന്തിയിലാണ് നാട്ടുകാര്‍. നെയ്യാര്‍ ഡാമിന് പരിസരത്താണ് വീണ്ടും ചീങ്കണ്ണികളെ കണ്ടെത്തിയത്.
പന്ത, കരിമന്‍കുളം, നിരപ്പുകാല, മരകുന്നം, കാഞ്ചിമൂട് പ്രദേശങ്ങളിലാണ് അടുത്തടുത്ത ദിവസങ്ങളില്‍ ചീങ്കണ്ണിയുടെ സാന്നിധ്യം കണ്ടെത്തിയത്. വേനലില്‍ ഡാമിലെ വെള്ള താഴ്ന്നതോടെ ചീങ്കണ്ണികള്‍ കരയിലേക്കും കയറി. ഇതോടെ പരിസരവാസികള്‍ ഭീതിയിലാണ്. നേരത്തെ ചീങ്കണ്ണി രണ്ടുപേരുടെ ജീവനെടുത്തിരുന്നു. നെയ്യാറിലിറങ്ങിയ നിരവധി പേര്‍ ചീങ്കണ്ണി ആക്രമണത്തിന് ഇരയാകുകയും ചെയ്തിരുന്നു.
നെയ്യാറിന് സമീപത്ത് താമസിക്കുന്നവരാണ് കഴിഞ്ഞ ദിവസം ചീങ്കണ്ണികളെ കണ്ടത്. ജലാശയത്തോടുചേര്‍ന്നു താമസിക്കുന്നവരുടെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ പിടികൂടാനാണ് ഇവ കരയിലേക്ക് എത്തുന്നത്. ചീങ്കണ്ണികളെ കണ്ടതോടെ നെയ്യാറില്‍ കുളിക്കാനും അലക്കാനുമൊക്കെ ഇറങ്ങാന്‍ ഭയന്നിരിക്കുകയാണ് നാട്ടുകാര്‍. കാഞ്ചിമൂട്ടില്‍ കുളിക്കാനെത്തിയ ചിലരെ ചിങ്കണ്ണി ആക്രമിച്ചിരുന്നു.
1983ല്‍ വനംകൊള്ള തടയാനെന്ന പേരില്‍ അന്നത്തെ വനം മന്ത്രി കെപി നൂറുദ്ദീനാണ് ചീങ്കണ്ണികളെ നെയ്യാറിലേക്ക് തുറന്നുവിട്ടത്. എന്നാല്‍ ചീങ്കണ്ണികള്‍ പെറ്റുപെരുകിയതോടെ അവ മനുഷ്യരെ അക്രമിക്കാന്‍ തുടങ്ങി. ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയതോടെ അക്രമകാരികളായ ചീങ്കണ്ണികളെ പിടികൂടി മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി.
കുറേ നാളുകളായി ചീങ്കണ്ണി ആക്രമണങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ ഒക്ടോബര്‍ നവംബര്‍ മാസത്തില്‍ ചീങ്കണ്ണികള്‍ മുട്ടയിടുന്ന സമയമാണ്. കരയില്‍ മുട്ടയിട്ട് സമീപത്ത് തന്നെ സംരക്ഷണവുമായി ഇവയുണ്ടാകും. പശുവിനെ കുളിപ്പിക്കാനും കുളിക്കാനും അലക്കാനുമായി എത്തുന്നവരെ ചീങ്കണ്ണികള്‍ ആക്രമിക്കുകയും ചെയ്യും. സാധാരണ മുട്ടകള്‍ കണ്ടെത്തി ഫോറ്സ്റ്റ് ഉദ്യോഗസ്ഥര്‍ നശിപ്പിക്കുകയാണു പതിവ്. എന്നാല്‍ ഇത് വനപാലകര്‍ സമ്മതിക്കില്ല.
അതിനിടെ നെയ്യാര്‍ ഡാമിലെ പാര്‍ക്കിലെ ചീങ്കണ്ണികള്‍ പെറ്റുപെരുകിയതോടെ അവയെ നെയ്യാറിലേക്ക് തുറന്ന് വിട്ടതാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ ഈ ആരോപണം നിഷേധിച്ചു. എന്തായാലും വീണ്ടും ചീങ്കണ്ണി സാന്നിധ്യം കണ്ടെത്തിയതോടെ നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ്.
Post Your Comments